നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി 2024ലെ യൂറോ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. യൂറോ യോഗ്യതയ്ക്കായുള്ള ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറ്റലിക്ക് ഒരു സമനില മതിയായിരുന്നു. എന്നാൽ, ഉക്രൈനിന് വിജയം അനിവാര്യമായിരുന്നു. ജർമ്മനിയിൽ അരങ്ങേറിയ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും യോഗ്യത നേടാൻ പറ്റാതിരുന്ന അസൂറികൾക്ക് യൂറോ ബെർത്ത് സ്വന്തമാക്കാനായത് വലിയ ആശ്വാസമായി.
ഉക്രൈനെതിരായ മത്സരത്തിൽ വ്യക്തമായ ആധിപത്യം ഇറ്റലിക്കായിരുന്നു. ആദ്യ പകുതിയിൽ സ്പലെറ്റിയുടെ ടീം ശരിക്കും അറ്റാക്ക് ചെയ്തു കളിച്ചു. കിയേസയും റാസ്പദോറിയും സ്കമാക്കയും ഗോളിനടുത്ത് എത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. പന്ത് കൂടുതൽ കൈവശം വെച്ച് കളിച്ചതും ഇറ്റലിയായിരുന്നു.
എന്നാൽ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ഇറ്റാലിയൻ ഡിഫൻസിനെ മുൾമുനയിൽ നിർത്താൻ ഉക്രൈൻ ടീമിനായി. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അപകടം വിതയ്ക്കാനായിരുന്നു ഉക്രൈൻ ശ്രമിച്ചത്. സ്റ്റോപ്പേജ് ടൈമിൽ മിഹൈലോ മുദ്രിക്കിനെ ബോക്സിൽ ഇറ്റാലിയൻ താരം ക്രിസ്റ്റാന്റെ ചലഞ്ച് ചെയ്തതിന് ഉക്രൈൻ പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല.
റോബർട്ടോ മാഞ്ചിനിയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് നാപ്പൊളി മുൻ കോച്ച് ലൂസിയാനോ സ്പലെറ്റി ഇറ്റലിയുടെ ചാർജ് എടുത്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ടീമിനെ സെറ്റാക്കി ഇറ്റലിക്ക് യൂറോ യോഗ്യത നേടി കൊടുക്കാൻ സാധിച്ചത് സ്പലെറ്റിക്ക് ആശ്വാസമായി.
ഗ്രൂപ്പ് സിയിൽ 20 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇറ്റലിക്കും ഉക്രൈനിനും 14 പോയിന്റ് വീതം ഉണ്ടെങ്കിലും, ബെറ്റർ ഹെഡ് ടു ഹെഡ് റെക്കോർഡിൽ ഇറ്റലി രണ്ടാം സ്ഥാനവുമായി യോഗ്യത നേടുകയായിരുന്നു. സെപ്റ്റംബറിൽ ഇറ്റലിയിൽ നടന്ന യോഗ്യതാ മത്സരം അസൂറികൾ 2-1ന് ജയിച്ചിരുന്നു.
Discussion about this post