ഇന്ത്യയ്ക്ക് ഇന്ന് വമ്പൻ പോരാട്ടം. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറുമായി ഏറ്റുമുട്ടും. രാത്രി 7 മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കുവൈറ്റിനെ അവരുടെ നാട്ടിൽ പോയി തോൽപ്പിക്കാൻ ചേത്രിക്കും സംഘത്തിനും സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഇതിന്റെ ആത്മവിശ്വാസത്തിലാകും ബ്ലൂ ടൈഗേഴ്സ് ഇന്ന് ഇറങ്ങുക.
ഹോം മാച്ചുകളിൽ ഈ വർഷം ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. ഈ റെക്കോർഡ് ഖത്തറിനെതിരെ ആവർത്തിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഫിഫ റാങ്കിംഗിൽ 61 ആം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ഖത്തർ. ഇന്ത്യ ഫിഫ റാങ്കിംഗിൽ 102 ആം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്ഥാനെ 8-1നാണ് തകർത്തത്.
ഖത്തറിനെതിരെ ഇന്ന് വിജയിക്കുക എന്നത് ആതിഥേയർക്ക് ഏറെ ശ്രമകരമായ ദൗത്യമായിരിക്കും. എന്നാൽ, ഒരു അട്ടിമറി നടത്താൻ സാധിച്ചാൽ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അതൊരു വലിയൊരു ചുവടുവയ്പ്പായി മാറും. ഖത്തറിനെതിരെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ഒരു മത്സരം ഗോൾ രഹിത സമനിലയായപ്പോൾ, അവസാനമായി കളിച്ച പോരാട്ടത്തിൽ 1-0ത്തിനായിരുന്നു ഖത്തറിന്റെ വിജയം.
പരിചയ സമ്പന്നനായ ക്യാപ്റ്റൻ സുനിൽ ചേത്രിയും കഴിഞ്ഞ മത്സരത്തിലെ ഗോൾ സ്കോററായ മൻവീർ സിംഗും നവോറം മഹേഷ് സിംഗും അടങ്ങുന്നതാണ് ഇന്ത്യൻ മുന്നേറ്റ നിര. മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ സാന്നിധ്യവും നിർണായകമാകും. ഖത്തറിന്റെ ആക്രമണങ്ങൾ ചെറുക്കുക എന്ന വലിയ ദൗത്യമാണ് സന്ദേശ് ജിംഗനും രാഹുൽ ബേക്കെയും ഉൾപ്പെടുന്ന ഇന്ത്യൻ ഡിഫൻസിനെ കാത്തിരിക്കുന്നത്. ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവും അവസരത്തിനൊത്ത് ഉയരേണ്ടി വരും.
ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന ഇന്ത്യ-ഖത്തർ പോരാട്ടം സ്പോർട്സ് 18 ചാനലുകളിൽ തത്സമയം കാണാം. ജിയോ സിനിമയിലും മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഇന്ത്യ-ഖത്തർ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റു തീർന്നിട്ടുണ്ട്.
Discussion about this post