മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ രണ്ടാമതും എത്തിയപ്പോൾ താരത്തിന്റെ ഭാവിയെ കുറിച്ച് ലയണൽ മെസി ചില സൂചനകൾ നൽകിയിരുന്നതായി റിപ്പോർട്ട്. 2003 മുതൽ 2009 വരെ റെഡ് ഡെവിൾസിന് വേണ്ടി കളിച്ച CR7, 2021ലാണ് യുണൈറ്റഡിൽ വീണ്ടും എത്തിയത്. റൊണാൾഡോ യുണൈറ്റഡിലേക്ക് തിരികെ പോയതിന് ശേഷം 2021ൽ നൽകിയ ഒരു അഭിമുഖത്തിലാണ് മെസി ചില മുന്നറിയിപ്പുകൾ സൂചിപ്പിച്ചത്.
പ്രീമിയർ ലീഗിൽ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഡിസംബറിന് ശേഷം കളിക്കാരുടെ കാര്യത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത പലതും സംഭവിക്കുമെന്നായിരുന്നു മെസി അന്ന് പറഞ്ഞത്. ക്രിസ്റ്റിയാനോ റൊണാൾഡോയെ പരാമർശിച്ചായിരുന്നു മെസി ഇങ്ങനെ പറഞ്ഞത്.
മെസിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.”മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ സ്ട്രോങ്ങാണ്. ശക്തരായ കളിക്കാരാണ് അവർക്കുള്ളത്. ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ക്ലബ്ബിനെ കുറിച്ച് നേരത്തെ തന്നെ അറിയാം. തുടക്കം മുതൽ തന്നെ അദ്ദേഹം ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ട്. എന്നാൽ, പ്രീമിയർ ലീഗിൽ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ എളുപ്പമാകില്ല. ഡിസംബറിന് ശേഷം കളിക്കാരുടെ കാര്യത്തിൽ വഴിത്തിരിവുണ്ടാകാം.” ഇതായിരുന്നു മെസി നൽകിയ മുന്നറിയിപ്പ്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെ എത്തിയ ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യഘട്ടത്തിൽ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, പിന്നീട് ഫോം നഷ്ടപ്പെട്ട താരത്തിന് പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ ടെൻ ഹാഗിന്റെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ കഴിഞ്ഞ സീസണിന്റെ പകുതിക്ക് വെച്ച് യുണൈറ്റഡുമായുള്ള കരാർ റദ്ദാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസ്സറിലേക്ക് ചേക്കേറുകയായിരുന്നു.
Discussion about this post