ക്രിസ്റ്റിയാനോ റൊണാൾഡോ-ലയണൽ മെസി ഡിബേറ്റിൽ തന്റെ അഭിപ്രായം പങ്കുവെച്ച് ചെൽസി മുൻ താരം ജോൺ ഒബി മൈക്കിൾ. ലയണൽ മെസിയാണ് മികച്ച താരമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്ന് നൈജീരിയൻ ഡിഫൻസീവ് മിഡ്ഫീൽഡർ പറഞ്ഞു. റിയോ ഫെർഡിനാൻഡിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ജോൺ ഒബി മൈക്കിൾ.
“ഞാൻ മെസിയുടെ ആരാധകനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കുമ്പോൾ ചെൽസി താരങ്ങളായ ഞങ്ങൾക്ക് അറിയാമായിരുന്നു ആഷ്ലി കോൾ റൊണാൾഡോയെ നിയന്ത്രിക്കുമെന്ന്. ആഷ്ലി കോളിന് റൊണാൾഡോയെ പൂട്ടാൻ കഴിയുമായിരുന്നു. ഞാൻ മെസിക്കെതിരെയും ക്രിസ്റ്റിയാനോ റൊണാൾഡോക്കെതിരെയും കളിച്ചിട്ടുണ്ട്. അത് കൊണ്ട് എനിക്ക് ഇവർ രണ്ട് പേരെയും നന്നായി അറിയാം.” ജോൺ ഒബി മൈക്കിൾ പറഞ്ഞു.
“ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നേട്ടങ്ങളെ കുറിച്ച് വിസ്മരിക്കുന്നില്ല. പക്ഷേ, മെസിയും റൊണാൾഡോയും തമ്മിൽ ഒരു താരതമ്യത്തിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മെസി മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള വ്യക്തിയാണെന്നാണ് എനിക്ക് തോന്നാറ്. മെസി അത്രയ്ക്കും മികച്ച കളിക്കാരനാണ്.” ചെൽസിക്കായി ഇരുന്നൂറിൽ അധികം ലീഗ് മത്സരങ്ങൾ കളിച്ച ജോൺ ഒബി മൈക്കിൾ വ്യക്തമാക്കി.
ബാഴ്സക്കെതിരായ മത്സരങ്ങൾക്ക് മുൻപ് തങ്ങളുടെ ശ്രദ്ധ മുഴുവൻ മെസിയിലായിരിക്കും. എത്ര ശ്രമിച്ചാലും അർജന്റീന സൂപ്പർ താരത്തെ തടയാൻ കഴിയാറില്ലെന്നും ചെൽസി മുൻ ഡിഫൻസീവ് മിഡ്ഫീൽഡർ പറഞ്ഞു. ചെൽസിക്കായി 2006 മുതൽ 2017 വരെ കളിച്ച ജോൺ ഒബി മൈക്കിൾ ഇപ്പോൾ കുവൈറ്റ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ താരമാണ്.
Discussion about this post