ഹാൻസി ഫ്ലിക്കിന് പകരം ജൂലിയൻ നഗെൽസ്മാൻ കോച്ചായി വന്നിട്ടും ജർമ്മനിയുടെ ശനിദശ മാറുന്നില്ല. ബെർലിനിലെ 70,000 ത്തോളം വരുന്ന സ്വന്തം കാണികൾക്ക് മുന്നിൽ ജർമ്മനിയെ തുർക്കി അട്ടിമറിച്ചു. സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ പരാജയം. ജർമ്മൻ കോച്ച് എന്ന നിലയിൽ നഗെൽസ്മാന്റെ ആദ്യ ഹോം മത്സരം തന്നെ തോൽവിയിൽ കലാശിച്ചിരിക്കുകയാണ്.
അഞ്ചാം മിനിറ്റിൽ കയ് ഹാവെർട്സിന്റെ ഗോളിൽ ജർമ്മനിയാണ് ആദ്യം ലീഡ് നേടിയത്. ലിറോയ് സാനെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഹാവെർട്സിന്റെ ഫിനിഷ്. എന്നാൽ, 38 ആം മിനിറ്റിൽ കദിയോഗ്ലു തുർക്കിയെ ജർമ്മനിക്ക് ഒപ്പമെത്തിച്ചു. ഫസ്റ്റ് ഹാഫിന്റെ ഇഞ്ചുറി ടൈമിൽ ജർമ്മനിയെ ഞെട്ടിച്ച് തുർക്കി ലീഡ് നേടി. യിൽദിസാണ് സന്ദർശകർക്കായി സ്കോർ ചെയ്തത്.
രണ്ടാം പകുതിയുടെ തുടക്കം മുതൽ സമനില ഗോളിനായി ശ്രമം തുടങ്ങിയ ജർമ്മനി, 49 ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. നിക്ലസ് ഫുൾക്രഗാണ് ജർമ്മനിയുടെ സമനില ഗോൾ സ്വന്തമാക്കിയത്. ഫ്ലോറിയൻ വിറ്റ്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
എന്നാൽ, 71 ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ തുർക്കി മൂന്നാം ഗോൾ നേടി വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.
മുന്നേറ്റനിര താരമായ കയ് ഹാവെർട്സിനെ ജൂലിയൻ നഗെൽസ്മാൻ തുർക്കിക്കെതിരെ ലെഫ്റ്റ് ബാക്ക് പൊസിഷനിലായിരുന്നു ഇറക്കിയത്. ഒടുവിൽ കയ് ഹാവെർട്സിന്റെ ഹാൻഡ് ബോളിനാണ് തുർക്കിക്ക് പെനാൽറ്റി അനുവദിച്ചത്. കിക്ക് എടുത്ത യൂസഫ് സാരി പന്ത് വലയിലാക്കി.
ജർമ്മനിയിലെ ടർക്കിഷ് കുടിയേറ്റ ജനതയുടെ വലിയ പിന്തുണ മത്സരത്തിൽ തുർക്കിക്ക് ഗുണം ചെയ്തു. തുർക്കി വംശജനും ജർമ്മനിയുടെ ക്യാപ്റ്റനുമായ ഇൽകായ് ഗുണ്ടോവനെ മത്സരത്തിനിടെ തുർക്കി ആരാധകർ കൂവി വിളിച്ചു. ചൊവ്വാഴ്ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തിൽ ജർമ്മനി ഓസ്ട്രിയയെ നേരിടും. ആതിഥേയർ എന്ന നിലയിൽ ജർമ്മനി 2024ലെ യൂറോ കപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു. തുർക്കിയും യൂറോ കപ്പ് ബെർത്ത് സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post