യൂറോ യോഗ്യതാ മത്സരത്തിൽ ഗോൾ മഴ പെയിച്ച് ഫ്രാൻസ്. ജിബ്രാൾട്ടറിനെ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട മറുപടിയില്ലാത്ത 14 ഗോളുകൾക്കാണ് നിലംപരിശാക്കിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഫ്രാൻസ് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
ഹാട്രിക് നേടിയ സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്തു. ഇതോടെ കരിയറിൽ 300 ഗോൾ തികയ്ക്കാനും 24കാരനായ താരത്തിനായി. എംബാപ്പെയുടെ മൂന്ന് ഗോളുകളിൽ ഒന്ന് 40 യാർഡ് അകലെ നിന്നുള്ള കിടിലൻ സ്ട്രൈക്കായിരുന്നു.
ഫസ്റ്റ് ഹാഫ് അവസാനിക്കുമ്പോൾ ഫ്രാൻസ് 7-0ത്തിന് മുന്നിൽ ആയിരുന്നു. മൂന്നാം മിനിറ്റിൽ ജിബ്രാൾട്ടർ താരം സാന്റോസ് സെൽഫ് ഗോൾ വഴി ഫ്രാൻസിന് ലീഡ് സമ്മാനിച്ചു. തൊട്ടടുത്ത മിനിറ്റിൽ മാർക്കസ് തുറാം സ്കോർ ചെയ്തു. പിന്നീട് 12 തവണയാണ് ജിബ്രാൾട്ടറിന്റെ വലയിൽ പന്ത് എത്തിയത്. 18 ആം മിനിറ്റിൽ സാന്റോസ് റെഡ് കാർഡ് കണ്ടതിനെ തുടർന്ന് 10 പേരുമായാണ് ജിബ്രാൾട്ടർ പിന്നീട് കളിച്ചത്.
ഫ്രാൻസ് ആദ്യ പകുതിയിൽ നേടിയ ഗോളുകളിൽ ഒന്ന് 17കാരനായ വാറൻ സെയർ എമറിയുടെ വകയായിരുന്നു. 1914ന് ശേഷം ഫ്രാൻസ് ദേശീയ ടീമിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എമറി. ഒളിവർ ജിറൂദും കിംഗ്സ്ലി കോമാനും ജിബ്രാൾട്ടറിനെതിരെ ഇരട്ട ഗോളുകൾ നേടി.
ജോനാഥൻ ക്ലോസ്, ഒസ്മാൻ ഡെമ്പെലെ, യൂസഫ് ഫോഫാന, അഡ്രിയാൻ റാബിയോട്ട് എന്നിവർ ഫ്രാൻസിനായി ഓരോ ഗോളുകൾ അടിച്ചു. യൂറോ ചാമ്പ്യൻഷിപ്പിന് ഫ്രാൻസ് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
7 മത്സരങ്ങളിൽ എഴും ജയിച്ച ഫ്രാൻസ് 21 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.
ഗ്രൂപ്പ് ബിയിൽ ഫ്രാൻസിനൊപ്പം നെതർലൻഡ്സും യൂറോ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. അയർലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഡച്ച് പട ജർമ്മനിക്ക് ടിക്കറ്റ് എടുത്തത്. വൂട്ട് വെഗോസ്റ്റ് ആദ്യ പകുതിയിൽ നേടിയ ഏക ഗോളിനാണ് നെതർലൻഡ്സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ഓറഞ്ച് പടയ്ക്ക് 7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റായി.
Discussion about this post