അർജന്റീനക്കെതിരായ നിർണായക ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് മുന്നോടിയായി ബ്രസീലിന് കനത്ത തിരിച്ചടി. സൂപ്പർ താരം വിനീഷ്യസിന് പരിക്ക് കാരണം അർജന്റീനക്കെതിരായ മത്സരം നഷ്ടമാകും. തുടയ്ക്ക് പരിക്കേറ്റതാണ് റയൽ മാഡ്രിഡ് സൂപ്പർ താരത്തിന് തിരിച്ചടി സമ്മാനിച്ചത്. വിനി അർജന്റീനക്കെതിരെ കളിക്കില്ലെന്ന് ബ്രസീൽ ടീം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കൊളംബിയക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് വിനീഷ്യസിന് പരിക്ക് പറ്റിയത്. ഇടത് തുടയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് മത്സരത്തിന്റെ 27 ആം മിനിറ്റിൽ താരം കളം വിടുകയായിരുന്നു.
കൊളംബിയക്കെതിരായ മത്സരം കഴിഞ്ഞപ്പോൾ തന്നെ അർജന്റീനക്കെതിരായ അടുത്ത മത്സരത്തിൽ താൻ കളിക്കുന്ന കാര്യം സംശയമാണെന്ന് വിനീഷ്യസ് പറഞ്ഞിരുന്നു. അവസാന 2 ലോകകപ്പ് യോഗ്യത മത്സരങ്ങളിലും പരാജയം വരിച്ച ബ്രസീലിന് വിനീഷ്യസിന്റെ അഭാവം കനത്ത ആഘാതമാണ്.
സൂപ്പർ താരം നെയ്മർ, ക്യാപ്റ്റൻ കാസെമിറോ, ഗോൾ കീപ്പർ എഡേഴ്സൻ, ഡിഫൻഡർ ഡാനിലോ എന്നിവർ പരിക്ക് കാരണം കളത്തിന് പുറത്താണ്. ഇവർക്കൊപ്പമാണ് ഇപ്പോൾ വിനീഷ്യസും ചേർന്നിരിക്കുന്നത്. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന വിനീഷ്യസിന് സെപ്റ്റംബറിലെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമായിരുന്നു. ബൊളീവിയ, പെറു എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ റയൽ മാഡ്രിഡ് താരം കളിച്ചിരുന്നില്ല.
ഇന്ത്യൻ സമയം അടുത്ത ബുധനാഴ്ച രാവിലെ 6 മണിക്കാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ബ്രസീൽ-അർജന്റീന പോരാട്ടം. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിലാണ് സൂപ്പർ മത്സരം. 5 മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് മാത്രമുള്ള ബ്രസീൽ ലോകകപ്പ് ക്വാളിഫയറിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. 5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള അർജന്റീന ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് അർജന്റീനയും പരാജയപ്പെട്ടിരുന്നു. 14 മത്സരങ്ങൾ തുടർച്ചയായി ജയിച്ചതിന് ശേഷമായിരുന്നു മെസിയും കൂട്ടരും തോൽവി രുചിച്ചത്.
Discussion about this post