2023ലെ ബലൺ ഡി ഓറിന് ലയണൽ മെസി തന്നെയാണ് അർഹനെന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. മെസി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. എന്നാൽ, ഏറ്റവും മികച്ച താരമല്ലെന്നും എംബാപ്പെ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിഎസ്ജി സൂപ്പർ ഫോർവേഡ്.
“എനിക്ക് പ്രശ്നം ഒന്നുമില്ല. റാങ്കിംഗിൽ എല്ലാം വ്യക്തമാണ്. മെസി ബലൺ ഡി ഓറിന് അർഹനാണ്. ലോകകപ്പ് നേടിയ സ്ഥിതിക്ക് മെസി ബലൺ ഡി ഓറും വിജയിക്കണം. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മെസി. എന്നാൽ, എക്കാലത്തെയും മികച്ച താരമല്ല.” എംബാപ്പെ പറഞ്ഞു.
“ഹാലണ്ടിന് കഴിഞ്ഞ സീസൺ മികച്ചതായിരുന്നു. എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ, ലോകകപ്പ് നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും അതിന് മുകളിൽ വരില്ല. മെസി എന്ത് കൊണ്ടും ബലൺ ഡി ഓറിന് അർഹനാണ്.” പിഎസ്ജി സൂപ്പർ താരം കൂട്ടിച്ചേർത്തു.
ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ ബലൺ ഡി ഓർ പുരസ്കാരം എട്ടാം തവണയും സ്വന്തമാക്കി ചരിത്രം രചിച്ച ലയണൽ മെസി എർലിംഗ് ഹാലണ്ടിനെ മറികടന്നാണ് ഒന്നാമതെത്തിയത്. 462 പോയിന്റ് സ്വന്തമാക്കിയാണ് മെസി പുരസ്കാരത്തിന് അർഹനായത്.
രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹാലണ്ടിനേക്കാൾ വ്യക്തമായ മുൻതൂക്കം നേടാൻ മെസിക്ക് സാധിച്ചിരുന്നു. ലയണൽ മെസിക്ക് 462 പോയിന്റ് ലഭിച്ചപ്പോൾ ഹാലണ്ടിന് കിട്ടിയത് 357 പോയിന്റ് മാത്രമാണ്. 105 പോയിന്റിന്റെ വ്യത്യാസത്തിലാണ് അർജന്റീന ഇതിഹാസം ലോക ഫുട്ബോളർക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ബലൺ ഡി ഓർ വോട്ടിംഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കിലിയൻ എംബാപ്പെയ്ക്ക് ലഭിച്ചത് 270 പോയിന്റായിരുന്നു.
Discussion about this post