ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഏഷ്യൻ ഗെയിംസിലെ യാത്ര അവസാനിച്ചു. ഏഷ്യൻ ഗെയിംസ് പ്രീക്വാർട്ടറിൽ കരുത്തരായ സൗദിയോട് ഇന്ത്യ പൊരുതി തോറ്റു. ചൈനയിലെ ഹാങ്ഷൂവിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ സൗദിയെ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്തിയ ചേത്രിയും കൂട്ടരും മികച്ച പ്രകടനം കാഴ്ചവെച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു. സെക്കന്റ് ഹാഫിന്റെ തുടക്കത്തിൽ നേടിയ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ വിജയം സ്വന്തമാക്കിയത്. സൗദിക്കായി മൊഹമ്മദ് ഖലീൽ മറാനാണ് രണ്ട് ഗോളുകളും അടിച്ചത്. 51, 57 മിനിറ്റുകളിലായിരുന്നു മറാന്റെ ഗോളുകൾ. ലോക റാങ്കിംഗിൽ 52 ആം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് സൗദി അറേബ്യ. ഇന്ത്യ നിലവിൽ 102 ആം സ്ഥാനത്താണ്.
13 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിന്റെ പ്രീക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.
അവസാന ഗ്രൂപ്പ് മത്സരത്തിൽ മ്യാൻമാറിനോട് 1-1ന് സമനില വഴങ്ങിയ ഇന്ത്യ, ഗ്രൂപ്പിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്ക് ഔട്ട് റൗണ്ടിൽ പ്രവേശിച്ചത്.
ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ചൈനയോട് ഇന്ത്യ 5-1ന് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ 1-0ത്തിന് തോൽപ്പിച്ച് ബ്ലൂ ടൈഗേഴ്സ് തിരിച്ചു വരികയായിരുന്നു.
Discussion about this post