ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസിയും കളിക്കളത്തിൽ വീണ്ടും നേർക്കുനേർ വരാൻ സാധ്യത. വരുന്ന ജനുവരിയിൽ അൽ നസ്സർ ഇന്റർ മയാമിയുമായി ക്ലബ് ഫ്രണ്ട്ലി കളിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ചൈനയിലും രണ്ട് ഗൾഫ് രാഷ്ട്രങ്ങളിലും വെച്ച് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ശ്രമം. ഇതിൽ ഒരു മത്സരം അൽ നസ്സറും ഇന്റർ മയാമിയും തമ്മിലാകാനാണ് സാധ്യത.
സൗദി ദിനപത്രമായ അൽ ബിലാദിന്റെ ജേർണലിസ്റ്റായ അലി അലബ്ദള്ളായാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർ മയാമിയുമായി ചൈനയിൽ ക്ലബ് ഫ്രണ്ട്ലി കളിക്കാൻ അൽ നസ്സറിന് ക്ഷണം ലഭിച്ചതായും സൗദി പത്രത്തിന്റെ ജേർണലിസ്റ്റ് അവകാശപ്പെടുന്നുണ്ട്. ട്വിറ്ററിൽ ഉൾപ്പെടെ ഇത് സംബന്ധിച്ചുള്ള വാർത്തകൾ വരുന്നുണ്ട്.
ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും അവസാനമായി നേർക്കുനേർ വന്നത് കഴിഞ്ഞ ജനുവരിയിലാണ്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജിയും, സൗദി ലീഗിലെ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയ റിയാദ് ഇലവനും തമ്മിൽ പ്രദർശന മത്സരം കളിച്ചിരുന്നു. റിയാദ് ഇലവനായി ക്രിസ്റ്റിയാനോ റൊണാൾഡോയും പിഎസ്‌ജിക്കായി ലയണൽ മെസിയും മത്സരത്തിൽ ഇറങ്ങിയിരുന്നു.
അടുത്ത വർഷം അർജന്റീനയും പോർച്ചുഗലും തമ്മിൽ സൗഹൃദം മത്സരം കളിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും അടുത്തിടെ വന്നിരുന്നു. അങ്ങനെയാണെങ്കിൽ പോർച്ചുഗലിന്റെ ക്യാപ്റ്റനായ റൊണാൾഡോയും അർജന്റീനയുടെ ക്യാപ്റ്റനായ മെസിയും നേർക്കുനേർ വരും. എന്നാൽ, ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
Discussion about this post