ലോൺ കാലാവധിക്ക് ശേഷം മൊറോക്കൻ താരം സോഫിയാൻ അമ്രബാത്തിനെ ക്ലബ്ബിൽ നിലനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയിൽ നിന്ന് ഒരു സീസണിലേക്ക് ലോണിലാണ് അമ്രബാത്ത് യുണൈറ്റഡിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ 27കാരനായ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ഭാവിയെ കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ഞാൻ ഇന്നത്തെ കാര്യം മാത്രമാണ് നോക്കുന്നത്. ഇപ്പോൾ ഞാൻ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. യുണൈറ്റഡിന് വേണ്ടി എല്ലാ ദിവസവും കഴിവിന്റെ പരമാവധി സമർപ്പിക്കാനാണ് ഞാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്.” സോഫിയാൻ അമ്രബാത്ത് പറഞ്ഞു.
“ഞങ്ങളെ കാത്തിരിക്കുന്നത് മികച്ചൊരു സീസൺ ആയിരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ ഞങ്ങൾക്ക് എന്തെങ്കിലും നേടാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. അതിന് ശേഷം എന്ത് നടക്കുമെന്ന് നമുക്ക് പിന്നീട് നോക്കാം.” 27കാരനായ മൊറോക്കൻ മിഡ്ഫീൽഡർ വ്യക്തമാക്കി.
“തീർച്ചയായും, ഇവിടെ തുടരാൻ ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, ഭാവിയെ കുറിച്ച് അധികം ചിന്തിക്കുന്ന വ്യക്തിയല്ല ഞാൻ. ഓരോ നിമിഷവും ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” സോഫിയാൻ അമ്രബാത്ത് പറഞ്ഞു.
ബേൺലിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന്റെ അവസാനം ഇറങ്ങിയ അമ്രബാത്ത് കരബാവോ കപ്പിൽ ക്രിസ്റ്റൽ പാലസിനെതിരെ സ്റ്റാർട്ട് ചെയ്തിരുന്നു. ക്രിസ്റ്റൽ പാലസിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് അമ്രബാത്ത് കാഴ്ചവെച്ചത്. മിഡ്ഫീൽഡറായ താരം ലെഫ്റ്റ് ബാക്കിന്റെ പൊസിഷനിൽ ഇറങ്ങിയിട്ടും നല്ല രീതിയിൽ കളിച്ചിരുന്നു.
Discussion about this post