ലാ ലിഗയിൽ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം കനക്കുന്നു. സ്പാനിഷ് ഫുട്ബോളിലെ വമ്പൻമാരായ റയൽ മാഡ്രിഡിനെയും ബാഴ്സലോണയെയും പിന്തള്ളി ജിറോണ എഫ്സിയാണ് നിലവിൽ ഒന്നാമത്. 7 മത്സരങ്ങൾ പൂർത്തിയായപ്പോൾ 6 വിജയവും ഒരു സമനിലയുമായി 19 പോയിന്റാണ് ജിറോണയ്ക്കുള്ളത്.
7 മത്സരങ്ങളിൽ നിന്ന് 6 ജയവും ഒരു തോൽവിയുമായി റയൽ മാഡ്രിഡിന് 18 പോയിന്റുണ്ട്. ആൻസലോട്ടിയുടെ ടീം ജിറോണയ്ക്ക് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ മയോർക്കയോട് സമനില വഴങ്ങിയതാണ് നിലവിലെ ചാമ്പ്യൻമാരായ ബാഴ്സയ്ക്ക് തിരിച്ചടിയായത്. 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി മൂന്നാമതാണ് സാവിയുടെ ടീം.
സ്വന്തം ഗ്രൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാൽമസിനെ 2-0ത്തിനാണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ നഗര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട റയലിന് വീണ്ടും വിജയ വഴിയിൽ എത്താൻ സാധിച്ചു.
തുടർച്ചയായി മത്സരങ്ങൾ കളിച്ചിരുന്ന ജൂഡ് ബെല്ലിംഗ്ഹാമിന് വിശ്രമം അനുവദിച്ചപ്പോൾ പകരം ബ്രാഹിം ഡിയാസാണ് അറ്റാക്കിംഗ് മിഡ്ഫീൽഡ്റുടെ റോളിൽ ഇറങ്ങിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ബ്രാഹിം ഡിയാസാണ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡിനായി ഗോൾ നേടിയത്. ലൂക്കാസ് വാസ്ക്വസിന്റെ മികച്ചൊരു ലോ ക്രോസിൽ നിന്നായിരുന്നു ഡിയാസിന്റെ ക്ലോസ് റേഞ്ച് സ്ട്രൈക്ക്.
54 ആം മിനിറ്റിൽ ഹൊസേലു റയലിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. റോഡ്രിഗോയുടെ ക്രോസിൽ നിന്നായിരുന്നു ഹെഡർ സ്പെഷലിസ്റ്റായ ഹൊസേലു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ ലാസ് പാൽമസിനെതിരെ ബ്രാഹിം ഡിയാസിനും ഹൊസേലുവിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാനായില്ല. ലാസ് പാൽമസ് ഗോൾ കീപ്പർ വാലസിന്റെ തകർപ്പൻ സേവുകളാണ് വൻ മാർജിനിൽ ജയിക്കുന്നതിൽ നിന്ന് റയലിനെ തടഞ്ഞത്.
പരിക്ക് മാറി സൂപ്പർ താരം വിനീഷ്യസ് റയൽ മാഡ്രിഡിനായി കളത്തിൽ തിരിച്ചെത്തിയത് ക്ലബ്ബിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. രണ്ടാം പകുതിയിൽ ഹൊസേലുവിന് പകരമാണ് വിനി ഗ്രൗണ്ടിൽ എത്തിയത്. ഈ ശനിയാഴ്ച ജിറോണ എഫ്സിക്കെതിരെയാണ് ലാ ലിഗയിൽ റയലിന്റെ അടുത്ത പോരാട്ടം. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജിറോണയെ അവരുടെ തട്ടകത്തിലാണ് റയൽ നേരിടാൻ ഒരുങ്ങുന്നത്. മത്സരം ജയിച്ചാൽ റയൽ മാഡ്രിഡിന് വീണ്ടും ലാ ലിഗയുടെ തലപ്പത്തെത്താം.
Discussion about this post