തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാമെന്ന ഇന്റർ മയാമിയുടെ മോഹം പൊലിഞ്ഞു. യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് തോൽവി. പരിക്ക് പൂർണ്ണമായും മാറാത്ത ക്യാപ്റ്റൻ ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ 2-1നാണ് ഹൂസ്റ്റൻ ഡൈനാമോ തോൽപ്പിച്ചത്.
ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ ഹൂസ്റ്റൻ ഡൈനാമോ വ്യക്തമായ മേധാവിത്വം പുലർത്തി. ആദ്യ പകുതിയിൽ രണ്ട് ഗോളുകളാണ് ഹൂസ്റ്റൻ നേടിയത്. 24 ആം മിനിറ്റിൽ ഗ്രിഫിൻ ഡോർസെയ് നല്ലൊരു സ്ട്രൈക്കിലൂടെ ഹൂസ്റ്റന്‍ ലീഡ് സമ്മാനിച്ചു.
33 ആം മിനിറ്റിൽ ഹൂസ്റ്റൻ അവരുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ക്വിനോനസിനെ ബോക്സിനുള്ളിൽ യെഡ്ലിൻ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്ക് എടുത്ത അമിനെ ബാസി പന്ത് വലയിലാക്കി ഹൂസ്റ്റന്റെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയുടെ അവസാനം നെൽസൻ ക്വിനോനസ് ഹൂസ്റ്റൻ ഡൈനാമോയുടെ മൂന്നാം ഗോൾ സ്കോർ ചെയ്തെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. കളിയുടെ അവസാനം, ഇഞ്ചുറി ടൈമിലാണ് നേരിയ പ്രതീക്ഷ സമ്മാനിച്ച് ഇന്റർ മയാമി ഒരു ഹോൾ മടക്കിയത്. 92 ആം മിനിറ്റിൽ സബ്സ്റ്റിട്യൂട്ട് ജോസഫ് മാർട്ടീനസായിരുന്നു സ്കോറർ.
ഫൈനൽ വിസിൽ മുഴങ്ങുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്റർ മയാമിക്ക് സമനില നേടി കൊടുക്കാനുള്ള സുവർണ്ണാവസരം കംപാന നഷ്ടപ്പെടുത്തി. കംപാനയുടെ ഹെഡർ ലക്ഷ്യം കണ്ടില്ല.
പരിക്കിനെ തുടർന്ന് മെസിയെ കൂടാതെ സൂപ്പർ ഡിഫൻഡർ ജോർഡി ആൽബയും യുഎസ് ഓപ്പൺ ഫൈനലിൽ ഇന്റർ മയാമിക്കായി കളിച്ചിരുന്നില്ല.
Discussion about this post