എഡി എൻകെറ്റിയ ആഴ്സനലിന് പ്രീമിയർ ലീഗ് കിരീടം നേടി കൊടുക്കില്ലെന്ന് ക്ലബ് ഇതിഹാസം പോൾ മേർസൻ. ജനുവരിയിലെ വിന്റർ ട്രാൻസ്ഫറിൽ ബ്രെന്റ്ഫോഡ് സ്ട്രൈക്കർ ഇവാൻ ടോണിയെ സൈൻ ചെയ്യാൻ ആഴ്സനൽ ശ്രമിക്കണമെന്നും ഫുട്ബോൾ പണ്ഡിറ്റ് കൂടിയായ മേർസൻ നിർദ്ദേശിച്ചു. സ്‌കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ആഴ്സനൽ ഇതിഹാസം.
“ഞാൻ ഇത് ആദ്യം മുതൽ പറയുന്നതാണ്. എഡി എൻകെറ്റിയ നിങ്ങൾക്ക് പ്രീമിയർ ലീഗ് കിരീടം നേടി തരില്ല. ആഴ്സനലിന് മികച്ചൊരു സെന്റർ ഫോർവേഡിന്റെ ആവശ്യമുണ്ട്. പ്രീമിയർ ലീഗിൽ ഇനിയും 32 മത്സരങ്ങൾ ബാക്കിയാണ്. ചാമ്പ്യൻസ് ലീഗിൽ നിർണായക പോരാട്ടങ്ങൾ കാത്തിരിക്കുന്നു. ആഴ്സനലിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ എൻകെറ്റിയയ്ക്ക് കഴിയില്ല.” പോൾ മേർസൻ പറഞ്ഞു.
“ഗബ്രിയേൽ ജെസ്യൂസിനും ഇത് സാധിക്കില്ല. കഴിഞ്ഞ ഞായറാഴ്ച ടോട്ടൻഹാമിനെതിരെ ആഴ്സനൽ വിജയിക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, ടീം കണ്ടപ്പോൾ ഞാൻ പരിഭ്രാന്തനായി. ആഴ്സനലിന്റെ ശക്തമായ നിരയായിരുന്നില്ല അത്. ടോട്ടൻഹാമിനെ നേരിട്ട ടീം അൽപ്പം ദുർബലമായിരുന്നു.” മേർസൻ അഭിപ്രായപ്പെട്ടു.
“തീർച്ചയായും ആഴ്സനലിന് ഒരു സെന്റർ ഫോർവേഡിനെ വേണം. ഇവാൻ ടോണി മികച്ച ഓപ്ഷൻ ആണ്. ജനുവരിയിൽ അവനെ ലഭ്യമാകും. ലോകത്ത് വംശനാശം നേരിടുന്ന ഒരു വിഭാഗമാണ് സെന്റർ ഫോർവേഡുകൾ. അധികം സെന്റർ ഫോർവേഡുകൾ ഇന്ന് നമുക്ക് ചുറ്റും ഇല്ല. ഇവാൻ ടോണി മികച്ച താരമാണ്. മികച്ച ഏരിയൽ എബിലിറ്റിയുള്ള, പന്ത് ഹോൾഡ് ചെയ്ത് കളിക്കാൻ കഴിയുന്ന താരമാണ് അവൻ.” ഗണ്ണേഴ്സിനായി നിരവധി മത്സരങ്ങൾ കളിച്ച ഇതിഹാസ താരം പറഞ്ഞു.
നിലവിൽ ബ്രെന്റ്ഫോഡിന്റെ താരമാണ് ഇംഗ്ലണ്ട് സെന്റർ ഫോർവേഡായ ഇവാൻ ടോണി. 27കാരനായ താരത്തിന് പിറകെ ചെൽസിയുമുണ്ടെന്നാണ് റിപ്പോർട്ട്. 66 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടാൻ ടോണിക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിലവിൽ വിലക്ക് നേരിടുകയാണ് ടോണി. അടുത്ത വർഷം ആദ്യം ഇവാൻ ടോണിക്ക് കളിക്കളത്തിലേക്ക് വീണ്ടും മടങ്ങിയെത്താൻ കഴിയും.
Discussion about this post