റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പർ മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാനുള്ള അവസരം പിഎസ്ജി നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട്കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ബെല്ലിംഗ്ഹാമിന്റെ പ്രതിനിധികൾ പിഎസ്ജി അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാൻ പിഎസ്ജി താൽപ്പര്യം കാണിച്ചില്ല. ബെല്ലിംഗ്ഹാമിന് പകരം പിഎസ്ജി അക്കാദമി പ്ലെയറായ വാറൻ സെയർ എമറിയിൽ വിശ്വാസം അർപ്പിക്കാനായിരുന്നു ക്ലബ്ബിന്റെ തീരുമാനം. ഫ്രഞ്ച് മിഡ്ഫീൽഡറായ എമറി ഭാവിയിൽ ജൂഡ് ബെല്ലിംഹ്ഹാമിന്റെ നിലവാരത്തിലേക്ക് ഉയർന്നു വരുമെന്നായിരുന്നു പാരീസ് ക്ലബ്ബിന്റെ കണക്കുകൂട്ടൽ.
17കാരനായ സെയർ എമറി പിഎസ്ജി സീനിയർ ടീമിനായി കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. ജൂഡ് ബെല്ലിംഗ്ഹാമിനായി വമ്പൻ പണം മുടക്കുന്നതിനേക്കാൾ നല്ലത് അക്കാദമി താരമായ എമറിയെ വളർത്തി കൊണ്ടുവരുന്നതാണ് ഉചിതമെന്ന നിലാപാടാണ് പിഎസ്ജി സ്വീകരിച്ചത്.
ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ യുവ മിഡ്ഫീൽഡർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ പിഎസ്ജിയുടെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സമ്മറിൽ 103 മില്യൺ യൂറോയ്ക്കാണ് 20കാരനായ ബെല്ലിംഗ്ഹാമിനെ ബൊറൂസിയ ഡോട്ട്മുണ്ടിൽ നിന്ന് റയൽ മാഡ്രിഡ് സൈൻ ചെയ്തത്.
റയലിനായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ജൂഡ് ബെല്ലിംഗ്ഹാം അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളിൽ തിളങ്ങുകയാണ്. ആദ്യ നാല് ലാ ലിഗ മത്സരങ്ങളിലും ഗോൾ നേടിയ ബെല്ലിംഗ്ഹാം, ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. 5 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് ടീമിനായി ബെല്ലിംഗ്ഹാം ഇതുവരെ സ്കോർ ചെയ്തത്.
Discussion about this post