സ്പാനിഷ് ക്ലബ് ഗെറ്റാഫെയിലേക്ക് ചേക്കേറാൻ മേസൺ ഗ്രീൻവുഡിനെ ഉപദേശിച്ചത് റയൽ മാഡ്രിഡ് സൂപ്പർ താരവും അടുത്ത സുഹൃത്തുമായ ജൂഡ് ബെല്ലിംഗ്ഹാമാണെന്ന് വെളിപ്പെടുത്തൽ. ഗെറ്റാഫെ മാനേജർ ജോസ് ബോർദലാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേസൺ ഗ്രീൻവുഡിനെ കുറിച്ച് ഗെറ്റാഫെ പരിശീലകൻ പറഞ്ഞ വാക്കുകൾ ഇതായിരുന്നു.
“ഇംഗ്ലണ്ട് ദേശീയ ടീമിൽ ഒരുമിച്ചു കളിച്ചിരുന്ന ഗ്രീൻവുഡും ബെല്ലിംഗ്ഹാമും അടുത്ത സുഹൃത്തുക്കളാണ്. സ്പാനിഷ് ലീഗിലേക്ക് മാറാൻ ബെല്ലിംഗ്ഹാമാണ് ഗ്രീൻവുഡിനെ ഉപദേശിച്ചത്. ഞങ്ങൾക്ക് ഇതൊരു സർപ്രൈസ് ആയിരുന്നു. ഗ്രീൻവുഡിനെ പോലൊരു മികച്ച യുവ താരത്തെ ലഭിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല.” ഗെറ്റാഫെ പരിശീലകൻ ബോർദലാസ് റേഡിയോ മാർക്കയോട് പറഞ്ഞു.
“ഗെറ്റാഫെയുടെ സ്പോർട്ടിംഗ് ഡയറക്ടർ വഴിയാണ് ചർച്ചകൾ നടന്നത്. സാമ്പത്തിക കാര്യങ്ങളിൽ രണ്ട് വിഭാഗവും വിട്ടുവീഴ്ചകൾ ചെയ്തത് കൊണ്ടാണ് ഗ്രീൻവുഡിന്റെ ലോൺ ഡീൽ നടന്നത്.” ഗെറ്റാഫെ കോച്ച് വ്യക്തമാക്കി. ഇംഗ്ലണ്ട് യുവ താരമായ മേസൺ ഗ്രീൻവുഡിന് ഉജ്ജ്വല വരവേൽപ്പാണ് സ്പാനിഷ് ക്ലബ് ഗെറ്റാഫെയുടെ ആരാധകർ നൽകിയത്.
പീഡന ആരോപണം നേരിട്ടതിനെ തുടർന്ന് 19 മാസത്തോളം കളത്തിന് പുറത്തായിരുന്നു മേസൺ ഗ്രീൻവുഡ്. എല്ലാ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട 21കാരനായ ഇംഗ്ലീഷ് ഫോർവേഡിനെ ഒരു സീസണിലേക്ക് ലോണിലാണ് ലാ ലിഗ ക്ലബ് ഗെറ്റാഫെ സ്വന്തമാക്കിയത്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനമാണ് ഗ്രീൻവുഡിന്റെ ഡീലിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പച്ചക്കൊടി കാണിച്ചത്. സ്പാനിഷ് ലീഗിൽ നിലവിൽ പതിനാലാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ഗെറ്റാഫെ.
കുറ്റവിമുക്തനായതോടെ ഗ്രീൻവുഡിനെ തിരിച്ചെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എന്നാൽ, വനിതാ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ യുണൈറ്റഡ് നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി പ്രൊഡക്റ്റായ ഗ്രീൻവുഡ്, സീനിയർ ടീമിനായി 83 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ ഭാവി വാഗ്ദാനമായാണ് മേസൺ ഗ്രീൻവുഡ്
ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്നത്.
Discussion about this post