മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗുമായി ഉടക്കി നിൽക്കുന്ന ജേഡൻ സാഞ്ചോ വരുന്ന ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇംഗ്ലീഷ് യുവ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയ്ക്ക് താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്.
ട്രാൻസ്ഫർ വിദഗ്ധനായ ഡീൻ ജോൺസാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്. 23കാരനായ സാഞ്ചോയെ ലോണിൽ കിട്ടാനുള്ള ഓപ്ഷനായിരിക്കും ആസ്റ്റൺ വില്ല ആദ്യം നോക്കുക. ചിലപ്പോൾ താരത്തെ സ്ഥിരമായി സൈൻ ചെയ്യാനും അവർ ശ്രമം നടത്തിയേക്കുമെന്നാണ് ഡീൻ ജോൺസ് പറയുന്നത്.
ആസ്റ്റൺ വില്ല കോച്ച് ഉനായ് എമറിക്ക് സാഞ്ചോയിൽ താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്. സാഞ്ചോയെ പോലൊരു വിംഗർ എത്തിയാൽ ക്ലബ്ബിന്റെ മുന്നേറ്റ നിര കൂടുതൽ ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് വില്ല ക്യാമ്പ്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോട്ട്മുണ്ടിലേക്ക് ജേഡൻ സാഞ്ചോ തിരിച്ചു പോകുമെന്ന റിപ്പോർട്ടുകളും ശക്തമാണ്. ജനുവരിയിൽ സാഞ്ചോയെ ലോണിൽ കൊണ്ടുവരാൻ ഡോട്ട്മുണ്ട് നീക്കങ്ങൾ നടത്തുന്നതായാണ് സൂചന. 2021ലാണ് ബൊറൂസിയ ഡോട്ട്മുണ്ടിൽ നിന്ന് സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. എന്നാൽ, ഡോട്ട്മുണ്ടിലെ തകർപ്പൻ പ്രകടനം യുണൈറ്റഡിൽ ആവർത്തിക്കാൻ സാഞ്ചോയ്ക്ക് സാധിച്ചിരുന്നില്ല.
ആഴ്സനലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ എറിക് ടെൻ ഹാഗ് നടത്തിയ പ്രസ്താവനയാണ് ജേഡൻ സാഞ്ചോയെ ചൊടിപ്പിച്ചത്. ആഴ്സനലിനെതിരായ യുണൈറ്റഡ് സ്ക്വാഡിൽ സാഞ്ചോയെ ഉൾപ്പെടുത്താത്തത് പരിശീലന സെഷനിൽ മോശമായ പ്രകടനം കാഴ്ചവെച്ചത് കൊണ്ടാണെന്ന് ടെൻ ഹാഗ് പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി ട്വിറ്ററിൽ കുറിച്ച സാഞ്ചോയുടെ വാക്കുകൾ തുറന്ന പോരിന് വഴിവെക്കുകയായിരുന്നു. തന്നെ ബലിയാടാക്കുകയാണെന്ന് പറഞ്ഞ സാഞ്ചോ, കേൾക്കുന്നതൊന്നും വിശ്വസിക്കരുതെന്നും ട്വീറ്റ് ചെയ്തു. പരിശീലനത്തിൽ എല്ലായ്പ്പോഴും താൻ പരമാവധി നൽകാറുണ്ടെന്നും യുണൈറ്റഡ് വിംഗർ വ്യക്തമാക്കി. സംഭവം വലിയ വിവാദമായതോടെ സാഞ്ചോ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
Discussion about this post