കിലിയൻ എംബാപ്പെയെ സ്വന്തമാക്കാനുള്ള മോഹം റയൽ മാഡ്രിഡ് ഉപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഫ്രഞ്ച് സൂപ്പർ താരവുമായി ജനുവരിയിൽ പ്രീ കോൺട്രാക്റ്റ് എഗ്രിമെന്റിൽ എത്താനാണ് റയലിന്റെ പദ്ധതി. സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ലോസ് ബ്ലാങ്കോസിന്റെ നീക്കങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
എംബാപ്പെയുമായി പ്രീ കോൺട്രാക്റ്റിൽ എത്തിയാൽ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി താരത്തെ ക്ലബ്ബിൽ കൊണ്ടുവരാൻ റയൽ മാഡ്രിഡിന് സാധിക്കും. പ്രതിവർഷം 200 മില്യൺ യൂറോ ശമ്പളം ഓഫർ ചെയ്ത് എംബാപ്പെയെ പാരീസിൽ തന്നെ നിലനിർത്താൻ പിഎസ്‌ജിയും ശ്രമം ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്.
താരത്തിന് അഞ്ച് വർഷത്തെ ദീർഘകാല കരാർ നൽകാനാണ് പിഎസ്‌ജിയുടെ നീക്കം. എംബാപ്പെ അടുത്ത വർഷം ഫ്രീ ഏജന്റായി റയൽ മാഡ്രിഡിലേക്ക് പോകുന്നത് തടയാനാണ് പിഎസ്‌ജിയുടെ നീക്കങ്ങൾ. ഈ സാഹചര്യത്തിലാണ് റയൽ മാഡ്രിഡ് തങ്ങളുടെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സ്പാനിഷ് മാധ്യമം പറയുന്നത്.
കഴിഞ്ഞ സീസൺ അവസാനിച്ച ഉടൻ പൊട്ടിപ്പുറപ്പെട്ട എംബാപ്പെയും പിഎസ്‌ജിയും തമ്മിലുള്ള പ്രശ്നങ്ങൾ സമവായ ചർച്ചയിലൂടെ ഒത്തുതീർപ്പായിരുന്നു. ഇതിനെ തുടർന്ന് പിഎസ്‌ജി സ്ക്വാഡിൽ തിരികെ എത്തിയ എംബാപ്പെ ഫ്രഞ്ച് ലീഗിൽ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ 3 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് 24കാരനായ താരം നേടിയത്.
എംബാപ്പെ ഈ സീസണിൽ പിഎസ്‌ജിയിൽ കളിക്കുന്നുണ്ടെങ്കിലും കരാർ പുതുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ 2024 വരെയാണ് എംബാപ്പെയ്ക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.
Discussion about this post