അന്റോയിൻ ഗ്രിസ്മാൻ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഫ്രഞ്ച് സൂപ്പർ താരത്തെ ഇന്റർ മയാമി നോട്ടമിടുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. ഇപ്പോൾ അന്റോയിൻ ഗ്രിസ്മാൻ തന്നെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള ആഗ്രഹം പ്രകടമാക്കി രംഗത്ത് വന്നിരിക്കുകയാണ്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഗ്രിസ്മാൻ തന്റെ താൽപ്പര്യം വെളിപ്പെടുത്തിയത്. കരിയറിലെ അടുത്ത ഘട്ടം എന്ന നിലയിൽ അമേരിക്കൻ ലീഗായ എംഎൽഎസിലേക്ക് പോകാനാണ് തനിക്ക് താൽപ്പര്യമെന്ന് ഫ്രഞ്ച് താരം പറഞ്ഞു. സൗദി ലീഗിലേക്കില്ലെന്ന സൂചനയും ഗ്രിസ്മാൻ നൽകി.
“സൗദി ലീഗിലേക്ക് താരങ്ങൾ കൂടുമാറുന്നതിന്റെ സാഹചര്യം എനിക്ക് മനസിലാകും. അവിടെ ലഭിക്കുന്ന അവിശ്വസ്നീയമായ പ്രതിഫലം ഒരു പ്രധാന ഘടകം തന്നെയാണ്. എനിക്ക് ഒരു കുടുംബവും മൂന്ന് കുട്ടികളുമുണ്ട്. അത് കൊണ്ട് തന്നെ പെട്ടെന്നൊരു തീരുമാനം എടുക്കുക ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. എന്നെ സംബന്ധിച്ച് മുൻഗണന എംഎൽഎസിന് തന്നെയാണ്.” ഗ്രിസ്മാൻ വ്യക്തമാക്കി.
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് 32കാരനായ അന്റോയിൻ ഗ്രിസ്മാൻ. അത്ലറ്റിക്കോ മാഡ്രിഡുമായി
നിലവിൽ 2026വരെ ഗ്രിസ്മാന് കരാർ ഉണ്ട്. ഫ്രാൻസ് ദേശീയ ടീമിലെ ഗ്രിസ്മാന്റെ സഹതാരങ്ങളായിരുന്ന കരീം ബെൻസിമ, എൻഗോളോ കാന്റെ എന്നിവർ സൗദി ലീഗിലേക്ക് ചേക്കേറിയിരുന്നു. മുൻ ബാഴ്സലോണ താരമായിരുന്ന ഗ്രിസ്മാൻ മെസിക്കൊപ്പവും കളിച്ചിട്ടുണ്ട്. മെസിയും ഗ്രിസ്മാനും ഇന്റർ മയാമിയിൽ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.
Discussion about this post