ഫുട്ബോളിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. സിംഗപൂർ സന്ദർശിക്കുന്ന CR7 കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു. “എന്താണോ ചെയ്യുന്നത്, അത് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഏറ്റവും വലിയ താൽപ്പര്യം ഫുട്ബോൾ കളിക്കുക എന്നത് തന്നെയാണ്. ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരുപാട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ, ഇപ്പോഴും ഞാൻ ഫുട്ബോൾ ഏറെ ആസ്വദിക്കുന്നു.” 38 കാരനായ ക്രിസ്റ്റിയാനോ പറഞ്ഞു.
“ഫുട്ബോൾ കളിക്കാനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനം ജനങ്ങളെ സന്തോഷിപ്പിക്കുക എന്നതാണ്. എന്നെ തന്നെ സന്തോഷവാനാക്കാനും, എന്റെ കുടുംബത്തിന് സന്തോഷം നൽകാനും ഫുട്ബോളിന് സാധിക്കുന്നു. ഫുട്ബോൾ വഴി എല്ലാ കുട്ടികൾക്കും സന്തോഷം പകരുക എന്നതും എന്റെ ലക്ഷ്യമാണ്.” CR7 വ്യക്തമാക്കി.
സൗദി ക്ലബ് അൽ നസ്റിന്റെ സൂപ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ സീസൺ അവസാനിച്ചതിനെ തുടർന്നാണ് വിവിധ പ്രമോഷണൽ പരിപാടികൾക്കായി സിംഗപ്പൂരിൽ എത്തിയത്. കുട്ടികളുടെ സ്കോളർഷിപ്പ്, പ്രകൃതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി വിവിധ പദ്ധതികളിൽ പങ്കാളിയാണ് താരം.സിംഗപ്പൂരിൽ ഉജ്ജ്വല സ്വീകരണമാണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലഭിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഫുട്ബോൾ താരങ്ങളിൽ മുൻനിരയിലാണ് റൊണാൾഡോയുടെ സ്ഥാനം. മനുഷ്യാവകാശ വിഷയങ്ങിൽ ഉൾപ്പെടെ കൃത്യമായ നിലപാട് സ്വീകരിക്കുന്ന താരം കൂടിയാണ് CR7.
Discussion about this post