കഴിഞ്ഞ ദിവസം വന്ന അഭ്യൂഹങ്ങൾ എല്ലാം ശരിയാണെന്ന് ഒടുവിൽ തെളിഞ്ഞു. സൂപ്പർ സ്ട്രൈക്കർ കരീം ബെൻസിമ ഈ സീസണോടെ റയൽ മാഡ്രിഡ് വിടും. ഔദ്യോഗിക പ്രസ്താവനയിലൂടെ റയൽ മാഡ്രിഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ന് അത്ലറ്റിക് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരം കരീം ബെൻസിമയുടെ റയൽ മാഡ്രിഡ് ജേഴ്സിയിലെ അവസാന പോരാട്ടമായി മാറും. 14 വർഷം നീണ്ട റയൽ മാഡ്രിഡിലെ ഇതിഹാസ തുല്യമായ കരീം ബെൻസിമയുടെ കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. 2009ൽ ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നാണ് ബെൻസിമ ലോസ് ബ്ലാങ്കോസിന്റെ പാളയത്തിൽ എത്തുന്നത്.
റയൽ മാഡ്രിഡിനായി ഇതുവരെ കളിച്ച 647 മത്സരങ്ങളിൽ നിന്ന് 353 ഗോളുകളാണ് ഫ്രഞ്ച് സൂപ്പർ താരം നേടിയത്. 165 അസിസ്റ്റുകളും താരത്തിന്റെ പേരിൽ ഉണ്ട്.
ലാ ലിഗയിൽ മാത്രം 237 ഗോളുകളും 119 അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരത്തിന്റെ സംഭാവന. ക്രിസ്റ്റിയാനോ റൊണാൾഡോ കഴിഞ്ഞാൽ ക്ലബ്ബിന്റെ രണ്ടാമത്തെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനാണ് ബെൻസിമ. റയൽ മാഡ്രിഡിനായി 5 തവണയാണ് ബെൻസിമ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. സ്പാനിഷ് വമ്പന്മാർക്കായി നാല് ലാ ലിഗ കിരീടങ്ങളും മൂന്ന് കോപ്പ ഡെൽ റേയും ബിഗ് ബെൻസ് എന്ന വിളിപ്പേരുള്ള കരീം ബെൻസിമ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഉജ്ജ്വല പ്രകടനത്തിന് താരത്തെ തേടി കരിയറിൽ ആദ്യമായി ബലൺ ഡി ഓറും എത്തിയിരുന്നു.
മറ്റന്നാൾ റയൽ മാഡ്രിഡ് സ്പോർട്ട് സിറ്റിയിൽ വെച്ച് കരീം ബെൻസിമയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ചടങ്ങിൽ പങ്കെടുക്കും. കരീം ബെൻസിമയുടെ ക്ലബ്ബിനായുള്ള സംഭാവനകൾ വിലപ്പെട്ടതാണെന്നും റയൽ മാഡ്രിഡ് അറിയിച്ചു.ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ 35കാരനായ കരീം ബെൻസിമയും സൗദി പ്രോ ലീഗിലേക്ക് ചേക്കേറാനാണ് സാധ്യത. സൗദിയിലെ സാഹചര്യങ്ങളെ കുറിച്ചും ലീഗിനെ പറ്റിയും ബെൻസിമ റൊണാൾഡോയോട് ചോദിച്ചറിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റൊണാൾഡോയുടെ ടീമിന്റെ എതിരാളികളും നിലവിലെ സൗദി ലീഗ് ചാമ്പ്യൻമാരുമായ അൽ ഇത്തിഹാദിന് വേണ്ടിയായിരിക്കും ബെൻസിമ കളിക്കുകയെന്നാണ് സൂചന.
രണ്ട് സീസണിലേക്ക് കരീം ബെൻസിമയ്ക്ക് അൽ ഇത്തിഹാദ് 200 മില്യൺ യൂറോയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡുമായുള്ള ബെൻസിമയുടെ കരാർ ഈ മാസം അവസാനിക്കും. ഈ സാഹചര്യത്തിലാണ് റയലിന്റെ ക്യാപ്റ്റൻ കൂടിയായ താരം ക്ലബ് വിടുന്നത്.
Discussion about this post