ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി ഇന്റർ മിലാന് പരോക്ഷ മുന്നറിപ്പുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നിലവിൽ തിരിച്ചടിക്കാനും വെല്ലുവിളി ഉയർത്താനും ശേഷിയുള്ള ഏക ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡാണെന്നാണ് ടെൻ ഹാഗ് പറഞ്ഞത്. എഫ്എ കപ്പ് ഫൈനലിൽ സിറ്റിക്കെതിരെ 2-1ന് പൊരുതി തോറ്റ ശേഷം ടോക്ക് സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു യുണൈറ്റഡ് പരിശീലകൻ.
“ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടെന്ന് സിറ്റിക്കെതിരായ മത്സരത്തിൽ നിന്ന് മനസിലാക്കാം. ലിവർപൂളിനെതിരെയും സിറ്റിക്കെതിരെയും എവേ മത്സരങ്ങളിൽ മുൻപ് ഞങ്ങൾ തലകുനിച്ചിരുന്നു. എഫ്എ കപ്പ് ഫൈനലിൽ സിറ്റിക്കെതിരെ സമ്മർദ്ദമില്ലാതെയാണ് ഞങ്ങൾ കളിച്ചത്. മുന്നിൽ ഉണ്ടായിരുന്ന പദ്ധതികൾ നടപ്പാക്കി. സിറ്റിയുടെ സ്വഭാവിക ഗെയിം തടസപ്പെടുത്താൻ ഞങ്ങൾക്കായി. മത്സരത്തിൽ തിരിച്ചുവരികയും ചെയ്തു.” ടെൻ ഹാഗ് പറഞ്ഞു.
“മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തിരിച്ചുവരാനും നല്ലൊരു പോരാട്ടം കൊടുക്കാനും ശേഷിയുള്ള ലോകത്തെ ഏക ടീം ഞങ്ങൾ ആണെന്നാണ് എനിക്ക് തോന്നുന്നത്.” മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് അഭിപ്രായപ്പെട്ടു.
“ഞങ്ങൾ സിറ്റിക്കെതിരെ രണ്ട് തവണ ഇത് തെളിയിച്ചിരിക്കുകയാണ്. ടീം എന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുരോഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.” എറിക് ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
എഫ്എ കപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നഗര വൈരികളായ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് ലീഡ് ചെയ്യവേ ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സിറ്റി വീണ്ടും ലീഡ് എടുത്തെങ്കിലും തിരിച്ചടിക്കാൻ യുണൈറ്റഡ് പരമാവധി ശ്രമിച്ചിരുന്നു.
ഇക്കാര്യമാണ് എറിക് ടെൻ ഹാഗ് തന്റെ പ്രസ്താവനയിലൂടെ സൂചിപ്പിച്ചത്.
Discussion about this post