മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന എഫ്എ കപ്പ് ഫൈനലിൽ സിറ്റിക്കായി ഉജ്ജ്വല പ്രകടനമാണ് ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ കാഴ്ചവെച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം സമ്മാനിച്ച രണ്ട് ഗോളുകളും ഗുണ്ടോഗന്റെ ബൂട്ടിൽ നിന്നായിരുന്നു. നിർണായകമായ വമ്പൻ മത്സരങ്ങളിൽ അവസരത്തിനൊത്ത് ഉയരുന്ന ജർമ്മൻ മിഡ്ഫീൽഡർ തന്റെ ട്രാക്ക് റെക്കോർഡ് ഇന്നലെയും ആവർത്തിച്ചു.
32കാരനായ ഗുണ്ടോഗന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. സിറ്റിയിലെ താരത്തിന്റെ ഭാവിയെ കുറിച്ച് മത്സരം ശേഷം കോച്ച് പെപ് ഗ്വാർഡിയോള പ്രതികരിക്കുകയുണ്ടായി. മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
“ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് മനസിൽ കാണുന്ന താരമാണ് ഗുണ്ടോഗൻ. ഞങ്ങൾ അയൽവാസികളാണ്. ഞങ്ങൾ വർഷങ്ങളായി സിറ്റിയുടെ അപ്പാർട്ട്മെന്റിലെ ഒരേ നിലയിലാണ് താമസിക്കുന്നത്. അത് കൊണ്ട് തന്നെ അവൻ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.” പെപ് ഗ്വാർഡിയോള പറഞ്ഞു.
“അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഗുണ്ടോഗൻ. ആസ്റ്റൺ വില്ലക്കെതിരെ അവൻ നേടിയ ആ ഗോളുകൾ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ സീസൺ ഞങ്ങൾ പ്രതീക്ഷിക്കുന്ന പോലെ തന്നെ അവസാനിക്കുമെന്ന് കരുതുന്നു.” സിറ്റി പരിശീലകൻ വ്യക്തമാക്കി.
ഗുണ്ടോഗന്റെ ക്ലബിലെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ പെപ് ഗ്വാർഡിയോളയുടെ മറുപടി ഇങ്ങനെ ആയിരുന്നു.”ഗുണ്ടോഗന് പുതിയ കരാർ നൽകുന്നതുമായി ബന്ധപ്പെട്ട ജോലികളിലാണ് ഞങ്ങളുടെ ഫുട്ബോൾ ഡയറക്ടർ. അദ്ദേഹം ആ ഉദ്യമത്തിൽ വിജയിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” ജർമ്മൻ മിഡ്ഫീൽഡറെ മാഞ്ചസ്റ്റർ സിറ്റിയിൽ നിലനിർത്താനുള്ള തന്റെ ആഗ്രഹം ഗ്വാർഡിയോള തുറന്ന് പറഞ്ഞു.
പെപ് ഗ്വാർഡിയോള 2016ൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായി ചുമതലയേറ്റതിന് ശേഷം നടത്തിയ അദ്യ പ്രധാന സൈനിംഗുകളിൽ ഒന്നായിരുന്നു ഗുണ്ടോഗന്റേത്. ബൊറൂസിയ ഡോട്ട്മുണ്ടിൽ നിന്നെത്തിയ മിഡ്ഫീൽഡർ
അധികം വൈകാതെ തന്നെ മാഞ്ചസ്റ്റർ സിറ്റിയുടെ നിർണായക താരമായി മാറുകയായിരുന്നു.
ഈ സീസണോടെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ ഗുണ്ടോഗൻ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു.
താരത്തെ സൈൻ ചെയ്യാൻ ബാഴ്സലോണ ശ്രമിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മാഞ്ചസ്റ്റർ സിറ്റി കോച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post