ഒരു വിഭാഗം പിഎസ്ജി ആരാധകരുടെ കൂവലിനിടെ ക്ലബ്ബിനായി അവസാന മത്സരം കളിച്ച് സൂപ്പർ താരം ലയണൽ മെസി വിടവാങ്ങി. ക്ലെർമോണ്ട് ഫൂട്ടിനെതിരായ മത്സരത്തിന് മുൻപായിരുന്നു പാർക്ക് ദെ പ്രിൻസസിലെ ഒരു വിഭാഗം പിഎസ്ജി ആരാധകർ മെസിയെ അപമാനിച്ചത്. സ്റ്റേഡിയത്തിലെ അനൗൺസർ മെസിയുടെ പേര് വിളിച്ചപ്പോയായിരുന്നു പാരീസ് ക്ലബ്ബിന്റെ അതിതീവ്ര ആരാധകർ കൂവി വിളിച്ചത്.
എന്നാൽ, ഇതൊന്നും ഗൗനിക്കാതെ മെസി തന്റെ മൂന്ന് മക്കൾക്കൊപ്പം പുഞ്ചിരിയോടെ മൈതാനത്തിലേക്ക് വന്ന് കിക്കോഫിന് മുൻപ് ടീമിന്റെ ഫോട്ടോ സെഷനിൽ ഉൾപ്പെടെ പങ്കെടുക്കുകയായിരുന്നു.”ഈ രണ്ട് വർഷങ്ങൾക്ക് ഞാൻ ക്ലബ്ബിനോടും പാരിസ് നഗരത്തോടും ഇവിടെത്തെ ജനങ്ങളോടും നന്ദി പറയുകയാണ്. നിങ്ങൾക്ക് എല്ലാവർക്കും ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.” പിഎസ്ജിയുടെ വെബ്സൈറ്റിനോട് മെസി പറഞ്ഞു. ക്ലബ്ബിന് മെസി നൽകിയ സംഭാവനകൾക്ക് പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിയും താരത്തിന് നന്ദി രേഖപ്പെടുത്തി.
ഈ സീസണിലെ അവസാന ലീഗ് മത്സരത്തിൽ ക്ലെർമോണ്ട് ഫുട്ടിനെതിരെ രണ്ട് ഗോളുകൾക്ക് ലീഡ് ചെയ്ത ശേഷമാണ് പിഎസ്‌ജി 3-2ന് പരാജയപ്പെട്ടത്. പിഎസ്ജിക്കായുള്ള അവസാന മത്സരത്തിൽ ഗോൾ നേടി വിട ചൊല്ലാനുള്ള അവസരം മെസിക്ക് പക്ഷേ മുതലാക്കാൻ സാധിച്ചില്ല. അർജന്റീന സൂപ്പർ താരത്തിന്റെ ചില അറ്റംപ്റ്റുകൾ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്.
പിഎസ്ജിക്കായി ഇതുവരെ കളിച്ച 76 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് അർജന്റീന സൂപ്പർ താരം നേടിയത്. ഈ സീസണിൽ പാരീസ് ക്ലബ്ബിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതുവരെ കളിച്ച 41 മത്സരങ്ങളിൽ നിന്ന് 21 ഗോളും 20 അസിസ്റ്റുകളുമാണ് ലിയോയുടെ സംഭാവന. പിഎസ്ജി ജേഴ്സിയിൽ കളിച്ച രണ്ട് സീസണിലും ക്ലബ്ബിന് ഫ്രഞ്ച് ലീഗ് കിരീടം നേടി കൊടുക്കാൻ മെസിക്ക് സാധിച്ചിരുന്നു.
എന്നാൽ, രണ്ട് സീസൺ കളിച്ചിട്ടും പിഎസ്ജിയുടെ പ്രധാന ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാൻ മെസിക്ക് കഴിഞ്ഞിരുന്നില്ല. ഈ സീസണിലും കഴിഞ്ഞ സീസണിലും UCL ന്റെ പ്രീക്വാർട്ടറിൽ വീഴാനായിരുന്നു പിഎസ്ജിയുടെ ദുർവിധി. മെസിയും പിഎസ്ജി ആരാധകരും തമ്മിലുള്ള അകൽച്ചയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത് ചാമ്പ്യൻസ് ലീഗിലെ ഈ പരാജയം തന്നെയാണ്.
Discussion about this post