മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഫ്എ കപ്പ് തോൽവിയെ തുടർന്ന് ഗോൾ കീപ്പർ ഡേവിഡ് ഡെ ഹെയയെ വിമർശിച്ച് ക്ലബ്ബിന്റെ ഇതിഹാസ താരം റോയ് കീൻ. മാഞ്ചസ്റ്റർ സിറ്റിക്കായി ഗുണ്ടോഗൻ നേടിയ രണ്ടാമത്തെ ഗോൾ ഡേവിഡ് ഡെ ഹെയയ്ക്ക് എളുപ്പം സേവ് ചെയ്യാമായിരുന്നുവെന്ന് കീൻ പറഞ്ഞു. മത്സരം ശേഷം ഐ ടിവി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു റെഡ് ഡെവിൾസിന്റെ മുൻ മിഡ്ഫീൽഡർ.
മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾ കീപ്പറെ അന്വേഷിക്കാൻ സമയമായെന്നും റോയ് കീൻ അഭിപ്രായപ്പെട്ടു. റോയ് കീനിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. “ഗുണ്ടോഗന്റെ രണ്ടാമത്തെ ഗോൾ ഗോൾ കീപ്പർ സേവ് ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കും. പക്ഷേ, അവൻ അത് ചെയ്തില്ല. അത് കൊണ്ടാണ് ഞങ്ങൾ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ ആഘോഷങ്ങൾ കാണെണ്ടി വന്നത്.” റോയ് കീൻ നിരാശയോടെ പറഞ്ഞു.
“മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ലോകോത്തര ഗോൾ കീപ്പർ വേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഡേവിഡ് ഡെ ഹെയ ഈ ഗണത്തിൽ ഉൾപ്പെടുന്ന ഒരു ഗോൾ കീപ്പർ അല്ല.” മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം തുറന്നടിച്ചു.
മികച്ചൊരു ഗോൾ കീപ്പറിനൊപ്പം നല്ലൊരു സ്ട്രൈക്കറെ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കണം. ഇല്ലെങ്കിൽ യുണൈറ്റഡിന് കിരീടം ഒന്നും നേടാൻ കഴിയില്ലെന്നും റോയ് കീൻ കൂട്ടിച്ചേർത്തു. എഫ്എ കപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിര വൈരികളായ മാഞ്ചസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്
Discussion about this post