ക്രിസ്റ്റിയാനോ റൊണാൾഡോ അൽ നസ്ർ വിട്ട് അടുത്ത സീസണിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സ്പാനിഷ് മാധ്യമമായ എൽ നാഷണലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് രണ്ട് ദിവസം മുൻപ് നൽകിയത്. എന്നാൽ, ഇപ്പോൾ ഇതിനെ കുറിച്ച് അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണി തന്നെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.
CR7 അത്ലറ്റിക്കോ മാഡ്രിഡിലേക്ക് വരുമോ എന്ന ചോദ്യത്തിന് സിമിയോണിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കാൻ കഴിയില്ല. എനിക്ക് റയൽ മാഡ്രിഡിന്റെ കോച്ചാകാൻ ഒരു കാരണവശാലും സാധിക്കില്ല. അത് പോലെ തന്നെയാണ് ഇതും.” അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
പ്രമുഖ ഇറ്റാലിയൻ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയും ഡിയാഗോ സിമിയോണിയുടെ റൊണാൾഡോയെ കുറിച്ചുള്ള ഈ പരാമർശം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡ് താരമായിരിക്കെ ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കളത്തിൽ തനിക്ക് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് മുൻപ് ഡിയാഗോ സിമിയോണി തുറന്നു പറഞ്ഞിരുന്നു.
അത്ലറ്റിക്കോ മാഡ്രിഡിനെതിരെ എന്നും തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് CR7. റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ എത്തിയപ്പോഴും ഈ മികവ് തുടർന്നു. സിമിയോണിയുടെ ടീമിനെതിരെ കളിച്ച 37 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 9 അസിസ്റ്റുകളുമാണ് പോർച്ചുഗീസ് സൂപ്പർ താരം സ്വന്തമാക്കിയത്.
Discussion about this post