അലക്സിസ് മക് അലിസ്റ്ററിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട നീക്കങ്ങൾ ലിവർപൂൾ വേഗത്തിലാക്കിയില്ലെങ്കിൽ താരത്തെ മറ്റാരെങ്കിലും തട്ടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഫാബ്രിസിയോ റൊമാനോ. ഗീവ് മി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ.
“മക് അലിസ്റ്ററിന്റെ ട്രാൻസ്ഫറിനായി ബ്രൈറ്റന്റെ ഭാഗത്ത് നിന്ന് ഒരു നിശ്ചിത റിലീസ് ക്ലോസോ, തുകയോ ഉണ്ടെങ്കിൽ
ലിവർപൂൾ സൂക്ഷിക്കണം. 24 മണിക്കൂറിനുള്ളിൽ ഇത് മാറും. അത് കൊണ്ട് തന്നെ മക് അലിസ്റ്ററിന്റെ കാര്യത്തിൽ ലിവർപൂൾ നീക്കങ്ങൾ വേഗത്തിലാക്കണം. ഇല്ലെങ്കിൽ താരത്തെ വേറെ ആരെങ്കിലും സൈൻ ചെയ്യും.” ഫാബ്രിസിയോ റൊമാനോ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ 65/70 മില്യൺ ഉണ്ടെങ്കിൽ അർജന്റീന മിഡ്‌ഫീൽഡറെ സൈൻ ചെയ്യാൻ ലിവർപൂളിന് സാധിക്കുമെന്നാണ് ഫാബ്രിസിയോ റൊമാനോ സൂചിപ്പിക്കുന്നത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും മക് അലിസ്റ്ററിനായുള്ള റെഡ്സിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ബ്രൈറ്റനുമായുള്ള ഡീൽ സീൽ ചെയ്യാൻ ലിവർപൂൾ വൈകിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സൂചനകളാണ് റൊമാനോ നൽകുന്നത്.
ഈ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി തകർപ്പൻ പ്രകടനമാണ് അലക്സിസ് മക് അലിസ്റ്റർ കാഴ്ചവെച്ചത്. 2019 ജനുവരിയിൽ ആയിരുന്നു മക് അലിസ്റ്റർ ബ്രൈറ്റനിൽ എത്തിയത്. ബ്രൈറ്റന് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച യുവ മിഡ്‌ഫീൽഡർ കരിയറിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് കടന്നുപോകുന്നത്. ബ്രൈറ്റന് വേണ്ടി ഈ സീസണിൽ ഇതുവരെ 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് താരത്തിന്റെ സംഭാവന.
Discussion about this post