ചെൽസിയുടെ ജർമ്മൻ താരം കയ് ഹാവെർട്സിനെ സൈൻ ചെയ്യാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് താൽപ്പര്യം ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. 23കാരനായ താരത്തെ കൊണ്ടുവരുന്നത് വരുന്ന സീസണിൽ റയലിന്റെ മുന്നേറ്റ നിരയ്ക്ക് കരുത്ത് പകരുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ.
ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ട് പ്രകാരം കയ് ഹാവെർട്സിനായി ചെൽസി 100 മില്യൺ യൂറോ ആവശ്യപ്പെടുമെന്നാണ് സൂചന. എന്നാൽ, താരത്തെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള റയൽ മാഡ്രിഡ് ട്രാൻസ്ഫർ തുകയായി 75 മില്യൺ യൂറോ വരെ നൽകാമെന്ന നിലാപാടാണ് സ്വീകരിക്കുന്നത്.
ഹാവെർട്സിനായി ചെൽസി 100 മില്യൺ യൂറോ വിലയിട്ടതായി ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിശ്ചയിച്ച തുക ലഭിക്കാതെ ജർമ്മൻ താരത്തെ കൈമാറാൻ ചെൽസി തയ്യാറാകില്ലെന്നാണ് സൂചന. ഹാവെർട്സിന് നിലവിൽ ചെൽസിയമായി 2025 വരെ കരാർ ഉണ്ട്.
ജർമ്മൻ ക്ലബ് ബയേർ ലെവർകൂസനിലൂടെ ഫുട്ബോൾ രംഗത്തേക്ക് കാലെടുത്തു വെച്ച കയ് ഹാവെർട്സ് 2020ലാണ് ചെൽസിയിൽ എത്തുന്നത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും ഫോർവേഡായും കളിക്കാൻ മികവുള്ള താരം ചെൽസിക്കായി ഇതുവരെ കളിച്ച 91 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് നേടിയത്.
2020-21 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ വിജയ ഗോൾ സ്വന്തമാക്കിയത് കയ് ഹാവെർട്സായിരുന്നു. ചെൽസി ദയനീയ പ്രകടനം കാഴ്ചവെച്ച ഈ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും ഒരു അസിസ്റ്റും നേടാൻ ഹാവെർട്സിന് സാധിച്ചിരുന്നു.
Discussion about this post