പ്രീമിയർ ലീഗിലെ ടോപ്പ് ഫോർ ഫിനിഷും ലീഗ് കപ്പ് കിരീടവും ഉണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ഈ സീസൺ വിജയകരമാണെന്ന് പറയാനാകില്ലെന്ന് ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. പക്ഷേ, മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയൊരു ക്ലബ്ബിനെ സംബന്ധിച്ച് ഇതല്ല ലക്ഷ്യമെന്നും ബ്രൂണോ പറഞ്ഞു. ചെൽസിക്കെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലേ മേക്കർ.
“ഇതൊരു പോസിറ്റീവ് സീസൺ ആയിരുന്നു, പക്ഷേ വിജയകരമായിരുന്നില്ല. കാരണം, വിജയം എന്നത് ഈ ക്ലബ്ബിനെ സംബന്ധിച്ച് വ്യത്യസ്തമാണ്. ഞങ്ങൾ യുണൈറ്റഡ് കളിക്കാർക്കും അത് അങ്ങനെ തന്നെയാണ്.” ബ്രൂണോ പറഞ്ഞു.
“ഞങ്ങൾ ഈ സീസണിൽ ഒരു ട്രോഫി നേടി. പ്രീമിയർ ലീഗിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്തു. ഇനി ഒരു ഫൈനൽ കൂടി ഞങ്ങളെ കാത്തിരിക്കുന്നു. എഫ്എ കപ്പ് ഫൈനലിൽ എന്ത് സംഭവിച്ചാലും ഞങ്ങളുടെ ഈ സീസണിൽ ഇതുവരെ സംഭവിച്ചതിനെ ബാധിക്കില്ല.” യുണൈറ്റഡ് താരം വ്യക്തമാക്കി.
“പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി പൊരുതാൻ കഴിയാത്ത സാഹചര്യത്തിൽ ഞങ്ങൾക്ക് ടോപ്പ് ഫോറിനായി പൊരുതണമായിരുന്നു. അത് കൊണ്ട് ഞങ്ങൾ അത് നേടി. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കുന്നത് സന്തോഷകരമായ കാര്യമാണ്. പക്ഷേ, ഈ സ്ഥാനങ്ങൾ എല്ലാം ക്ലബ്ബിനെ സംബന്ധിച്ച് നിർബന്ധമായും നേടേണ്ടതാണ്.” ബ്രൂണോ ഫെർണാണ്ടസ് തുറന്നു പറഞ്ഞു.
Discussion about this post