പോർച്ചുഗീസ് ഫുൾബാക്ക് ജാവോ കാൻസലോയെ വരുന്ന സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റി ഒഴിവാക്കുമെന്ന് റിപ്പോർട്ട്. സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുമായുള്ള ഭിന്നതയെ തുടർന്ന് കാൻസലോയെ കഴിഞ്ഞ വിന്റർ ട്രാൻസ്ഫറിൽ ബയേൺ മ്യൂണിക്കിലേക്ക് ലോണിൽ വിടുകയായിരുന്നു. കാൻസലോയ്ക്ക് മാഞ്ചസ്റ്റർ സിറ്റി 40 മില്യൺ യൂറോ വിലയിട്ടതായാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
28കാരനായ ഡിഫൻഡറിനെ സൈൻ ചെയ്യാൻ ബാഴ്സലോണയ്ക്ക് താൽപ്പര്യം ഉണ്ട്. ഇതിഹാസ താരമായ ജോർഡി ആൽബ ഈ സീസണോടെ ബാഴ്സ വിടുന്ന സാഹചര്യത്തിൽ പരിചയ സമ്പന്നനായ ഒരു പകരക്കാരനെയാണ് സാവി അന്വേഷിക്കുന്നത്. ആൽബയുടെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ജാവോ കാൻസലോ ഫിറ്റ് ആയിരിക്കുമെന്നാണ് കറ്റാലൻ ക്ലബ്ബിന്റെ കണക്കുകൂട്ടൽ.
2019ൽ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്നാണ് കാൻസലോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. അന്ന് 65 മില്യൺ യൂറോ ചെലവിട്ടായിരുന്നു പോർച്ചുഗീസ് താരത്തെ സിറ്റി സ്വന്തമാക്കിയത്. 25 മില്യൺ യൂറോ നഷ്ടമായാലും പെപ് ഗ്വാർഡിയോളയുമായി ഉടക്കി നിൽക്കുന്ന താരത്തെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്.
അതേസമയം, 6 മാസത്തെ ലോണിൽ വന്ന ജാവോ കാൻസലോയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കാനുള്ള സാധ്യതയും തള്ളി കളയാൻ പറ്റില്ല. വേണമെങ്കിൽ 70 മില്യൺ നൽകി കാൻസലോയെ വാങ്ങാനുള്ള ക്ലോസ് ബയേണും സിറ്റിയും തമ്മിലുള്ള ലോൺ ഡീലിൽ ഉണ്ട്.
തോമസ് ടുക്കൽ കോച്ചായി വന്നതിന് ശേഷം ജാവോ കാൻസലോയ്ക്ക് ബയേൺ നിരയിൽ വേണ്ട പരിഗണന ലഭിക്കുന്നുണ്ട്. ബയേണിന്റെ കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം പോർച്ചുഗീസ് ഡിഫൻഡർ സ്റ്റാർട്ടിംഗ് ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു. എന്തായാലും, ജാവോ കാൻസലോ അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
Discussion about this post