ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കുന്ന സൗദി ക്ലബ് അൽ നസ്റിന്റെ പരിശീലകനാകാനുള്ള വമ്പൻ ഓഫർ സിനദിൻ സിദാൻ നിരസിച്ചതായി റിപ്പോർട്ട്. രണ്ട് വർഷത്തേക്ക് 150 മില്യൺ യൂറോ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന അൽ നസ്റിന്റെ വമ്പൻ ഓഫറാണ് സിദാൻ നിരസിച്ചിരിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റൊയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റയൽ മാഡ്രിഡ് കോച്ചായിരുന്നപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയെ പരിശീലിപ്പിച്ച സിദാനെ അൽ നസ്റിലേക്ക് കൊണ്ടുവരാൻ CR7ഉം ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ, അൽ നസ്റിനോട് ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം നോ പറഞ്ഞതായാണ് ഫൂട്ട് മെർക്കാറ്റൊ അവകാശപ്പെടുന്നത്.
സിനദിൻ സിദാന് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ ഏതെങ്കിലും ക്ലബ്ബിനെ പരിശീലിപ്പിക്കാനാണ് താൽപ്പര്യമെന്നാണ് സൂചന. സിദാൻ ഫ്രാൻസ് ദേശീയ ടീമിന്റെ കോച്ചാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ബ്രസീൽ ദേശീയ ടീമുമായി ബന്ധപ്പെട്ടും സിദാന്റെ പേര് ഉയർന്നു കേട്ടിരുന്നു.
കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ 50 കാരനായ സിനദിൻ സിദാനെ പൊച്ചെട്ടിനോയ്ക്ക് പകരം പരിശീലകനായി കൊണ്ടുവരാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് സിദാൻ ചേക്കേറുമെന്നായിരുന്നു അഭ്യൂഹങ്ങൾ.
2021ൽ റയൽ മാഡ്രിഡ് കോച്ചിംഗ് സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഫ്രഞ്ച് മുൻ മിഡ്ഫീൽഡർ പുതിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുത്തിട്ടില്ല.
രണ്ട് ഘട്ടങ്ങളിലായി റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം വഹിച്ചിരുന്ന സിനദിൻ സിദാൻ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ക്ലബ്ബിന് സമ്മാനിച്ചത്. തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 11 പ്രധാന ട്രോഫികളാണ് സിദാന്റെ കാലയളവിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.
Discussion about this post