സൗദി ലീഗിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ തീരുമാനത്തെ പിന്തുണച്ച് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ലൂയിസ് ഫിഗോ. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പ്രായത്തിലുള്ള സൂപ്പർ താരങ്ങൾ യൂറോപ്പിന് പുറത്തെ ലീഗുകളിൽ കളിക്കാൻ പോകുന്നത് സാധാരണയാണെന്നാണ് ഫിഗോ പറയുന്നത്.
താരത്തിന്റെ തീരുമാനത്തെ എല്ലാവരും മാനിക്കണമെന്നും CR7നൊപ്പം പോർച്ചുഗൽ ദേശീയ ടീമിൽ കളിച്ച ലൂയിസ് ഫിഗോ വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് ഇസ്താംബുളിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫിഗോ.
“വ്യത്യസ്ത സാഹചര്യങ്ങൾ നിലനിൽക്കുന്ന വ്യത്യസ്ത രാജ്യങ്ങളിൽ കളിക്കാൻ പോകുന്നത് കരിയർ അവസാനം ഒട്ടുമിക്ക താരങ്ങങ്ങളും എടുക്കുന്ന അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ഇത്തരം തീരുമാനങ്ങൾ തികച്ചും വ്യക്തിപരമാണ്. നമ്മൾ അത് മാനിക്കാൻ തയ്യാറാകണം.” ഫിഗോ പറഞ്ഞു.
ലൂയിസ് ഫിഗോ പറഞ്ഞത് ശരിയാണെന്ന നിലപാടിലാണ് സോഷ്യൽ മീഡിയയയിലെ ഫുട്ബോൾ പ്രേമികളും CR7 ആരാധകരും.
അവർ ഇതിന് നിരവധി ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്. ബാഴ്സയിലെ ഇതിഹാസ തുല്യമായ കരിയർ അവസാനിച്ചപ്പോൾ സാവി ഖത്തർ ലീഗിലേക്ക് പോയി. ആന്ദ്രേ ഇനിയെസ്റ്റ ജപ്പാൻ ലീഗിലേക്ക് ചേക്കേറി.
ഇങ്ങനെ നിരവധി ഉദാഹരണങ്ങളാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് റെക്കോർഡ് പ്രതിഫലത്തിന് 38കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്ക് ചേക്കേറുന്നത്. സീസണിന്റെ പകുതിക്ക് വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞ ക്രിസ്റ്റിയാനോ ഫ്രീ ഏജന്റായാണ് അൽ നസ്റിൽ എത്തുന്നത്. അൽ നസ്റിനായി ഇതുവരെ കളിച്ച 15 ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 2 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്.
Discussion about this post