സമ്മർ ട്രാൻസ്ഫർ വിൻഡോ അടുത്തെത്തിയതോടെ പ്രമുഖ താരങ്ങളുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിരവധി റൂമറുകളാണ് ഓരോ ദിവസവും വരുന്നത്. ഇതിൽ ഏറ്റവും പുതിയത് ഹാരി കെയ്നിനെ റയൽ മാഡ്രിഡുമായി കോർത്തിണക്കുന്ന വാർത്തയാണ്. ഇംഗ്ലണ്ട് സൂപ്പർ സ്ട്രൈക്കറെ ടോട്ടൻഹാം റയൽ മാഡ്രിഡിന് ഓഫർ ചെയ്തതായാണ് പുതിയ റിപ്പോർട്ട്.
പ്ലെയർ പ്ലസ് ക്യാഷ് ഡീലിൽ പണത്തിനൊപ്പം ഈഡൻ ഹസാർഡിനെ കൂടി കൈമാറിയാൽ ഹാരി കെയ്നിനെ ടോട്ടൻഹാം റയൽ മാഡ്രിഡിന് വിട്ടുനൽകുമെന്നാണ് സ്പാനിഷ് റേഡിയോ സ്റ്റേഷനായ കദേന സെർ അവകാശപ്പെടുന്നത്.
29കാരനായ ഹാരി കെയ്നിന് ഇനി ഒരുവർഷം കൂടി ടോട്ടൻഹാമുമായി കരാറുണ്ട്. അത് കൊണ്ട് തന്നെ അടുത്ത സീസണിൽ ഫ്രീ ഏജന്റാകും മുൻപ് മോശമല്ലാത്ത വിലയ്ക്ക് കെയ്നിനെ കൈമാറാനാണ് സ്പർസ് ചെയർമാൻ ഡാനിയൽ ലെവിയുടെ പദ്ധതി. കെയ്നിനെ പ്രീമിയർ ലീഗിലെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറുന്നതിനേക്കാൾ ടോട്ടൻഹാമിന് താൽപ്പര്യം ഇംഗ്ലണ്ടിന് പുറത്തുള്ള ഏതെങ്കിലും ക്ലബ്ബിന് നൽകാനാണെന്ന് സ്പാനിഷ് റേഡിയോ സ്റ്റേഷൻ സൂചിപ്പിക്കുന്നു.
ഒരു ഇടനിലക്കാരൻ വഴി ടോട്ടൻഹാം റയൽ മാഡ്രിഡ് അധികൃതരെ സമീപിച്ചെന്നും ഇതിന്റെ സാധ്യതകൾ സ്പാനിഷ് ക്ലബ് പരിശോധിക്കുന്നുണ്ടെന്നും വാർത്ത റിപ്പോർട്ട് ചെയ്ത റേഡിയോ സ്റ്റേഷൻ പറയുന്നു. 35 പിന്നിട്ട കരീം ബെൻസിമയ്ക്ക് പകരം മികച്ച ഗോൾ സ്കോറിംഗ് മികവുള്ള ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
പ്രീമിയർ ലീഗിൽ വർഷങ്ങളായി സ്ഥിരതയോടെ കളിക്കുന്ന ഹാരി കെയ്ൻ മിനിമം ഗ്യാരണ്ടിയുള്ള താരമായാണ് വിലയിരുത്തപ്പെടുന്നത്. ടോട്ടൻഹാം ഏറെ വെല്ലുവിളികൾ നേരിട്ട ഈ സീസണിലും ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ 28 ഗോളുകൾ നേടിയിരുന്നു. ഏർലിംഗ് ഹാലണ്ട് കഴിഞ്ഞാൽ ലീഗിൽ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനം കെയ്നിനാണ്.
Discussion about this post