ഈ സീസണിൽ താൻ നേടിയ ഗോളുകളിൽ ഫേവററ്റ് ഏതെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലണ്ട്. പ്രീമിയർ ലീഗിൽ സതാംപ്ടനെതിരെ അവരുടെ തട്ടകത്തിൽ നേടിയ തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളാണ് ഹാലണ്ട് തെരഞ്ഞെടുത്തത്.
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ 22 കാരനായ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്ട്രൈക്കർ സ്‌കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു. ഹാലണ്ടിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. “സതാംപ്ടനെതിരെ ഞാൻ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ വളരെ സ്പെഷ്യലായിരുന്നു. ഈ വലിയ ശരീരവുമായി വായുവിൽ ഉയർന്ന് നിന്നത് വേറൊരു അനുഭവമായിരുന്നു.” ഹാലണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ എട്ടിന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി താരം ഓവർ ഹെഡ് കിക്കിലൂടെ സ്‌കോർ ചെയ്തത്. സെക്കന്റ് ഹാഫിൽ കളിയുടെ 68 ആം മിനിറ്റിൽ ജാക്ക് ഗ്രീലീഷിന്റെ ക്രോസിൽ നിന്നായിരുന്നു ഹാലണ്ടിന്റെ ഈ വണ്ടർ ഗോൾ. ഇതിന് മുൻപ് ഒരു ഗോൾ കൂടി നോർവീജിയൻ സ്ട്രൈക്കർ സിറ്റിക്കായി സ്‌കോർ ചെയ്തിരുന്നു. സതാംപ്ടനെ 4-1നായിരുന്നു മാഞ്ചസ്റ്റർ സിറ്റി അന്ന് തകർത്തത്.
ഈ സീസണിൽ മാരക ഫോമിൽ കളിക്കുന്ന ഹാലണ്ട് ഇതുവരെ 52 ഗോളുകളും 9 അസിസ്റ്റുകളുമാണ് സ്വന്തം പേരിൽ കുറിച്ചത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് അടുത്തിടെ ഹാലണ്ട് സ്വന്തമാക്കിയിരുന്നു. തന്റെ ഗോൾ സ്‌കോറിംഗ് മികവ് വഴി മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടി കൊടുത്ത നോർവീജിയൻ സ്ട്രൈക്കർ ഇനി ലക്ഷ്യമിടുന്നത് ചാമ്പ്യൻസ് ലീഗും എഫ്എ കപ്പുമാണ്.
Discussion about this post