പ്രീമിയർ ലീഗിൽ ഒരു മത്സരം അവശേഷിക്കെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത നഷ്ടമായിരുന്നു. 6 തവണ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ റെഡ്സ് അടുത്ത സീസണിൽ യൂറോപ്പ ലീഗിലായിരിക്കും പന്ത് തട്ടുക. 2023-24 സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതിൽ കടുത്ത നിരാശയിലാണ് ലിവർപൂൾ സൂപ്പർ താരം മൊഹമ്മദ് സലാഹ്.
ട്വിറ്ററിലൂടെയാണ് മൊഹമ്മദ് സലാഹ് തന്റെ നിരാശ ആരാധകരുമായി പങ്കുവെച്ചത്. “ഞാൻ ആകെ തകർന്നിരിക്കുകയാണ്. ഈ അവസ്ഥയെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ വേണ്ട എല്ലാം ഞങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ അതിൽ പരാജയപ്പെട്ടു.” ലിവർപൂൾ ഫോർവേഡ് ട്വിറ്ററിൽ കുറിച്ചു.
https://twitter.com/MoSalah/status/1661841537200713729
“ഞങ്ങൾ ലിവർപൂളാണ്. ഏറ്റവും ചുരുങ്ങിയത് ചാമ്പ്യൻസ് ലീഗ് യോഗ്യതയെങ്കിലും ഞങ്ങൾ നേടണമായിരുന്നു. ഞാൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പോസ്റ്റിനുള്ള സമയമായില്ലെന്ന് തോന്നുന്നു. ഞങ്ങൾ നിങ്ങളെയും ഞങ്ങളെ തന്നെയും നിരാശപ്പെടുത്തിയിരിക്കുകയാണ്.” സലാഹ് മനസ് തുറന്നു.
2015-16 സീസണിലാണ് ലിവർപൂൾ അവസാനമായി യൂറോപ്പ ലീഗിൽ കളിച്ചത്. ഈ സീസണിന്റെ തുടക്കത്തിൽ നേരിട്ട പ്രമുഖ താരങ്ങളുടെ പരിക്കും ഫോമില്ലായ്മയുമാണ് ലിവർപൂളിന് തിരിച്ചടിയായത്. സീസൺ അവസാന തുടർ വിജയങ്ങളുമായി യുർഗൻ ക്ലോപ്പിന്റെ ടീം ഗംഭീരമായി തിരിച്ചു വന്നെങ്കിലും വൈകി പോയിരുന്നു. പ്രീമിയർ ലീഗിലെ അവസാന 8 മത്സരങ്ങളിൽ ഏഴിലും ലിവർപൂൾ ജയിച്ചിരുന്നു.
ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായത് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിന്റെ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ക്ലബ്ബും ആരാധകരും ആശങ്കപ്പെടുന്നത്. മധ്യനിരയിൽ ഉൾപ്പെടെ മികച്ച താരങ്ങളെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ് റെഡ്സ്. വരുന്ന സീസണിൽ യൂറോപ്പ ലീഗ് കളിക്കുന്ന സാഹചര്യത്തിൽ ലിവർപൂളിലേക്ക് വരാൻ പല പ്രമുഖ താരങ്ങളും മടിക്കുമോ എന്ന് കണ്ടറിയേണ്ടി വരും.
മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നീ ടീമുകളായിരിക്കും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന പ്രീമിയർ ലീഗ് ടീമുകൾ.
Discussion about this post