ഇംഗ്ലീഷ് യുവ മിഡ്ഫീൽഡറും ബൊറൂസിയ ഡോട്ട്മുണ്ട് സൂപ്പർ താരവുമായ ജൂഡ് ബെല്ലിംഗ്ഹാം അടുത്തയാഴ്ച റയൽ മാഡ്രിഡുമായുള്ള കരാറിൽ ഒപ്പുവെച്ചേക്കും. 100 മില്യൺ യൂറോയുടെ ട്രാൻസ്ഫർ തുകയ്ക്കായിരിക്കും ജൂഡ് ബെല്ലിംഗ്ഹാം സാന്റിയാഗോ ബെർണബൂവിൽ എത്തുക. ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയൊ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
നാളെ ബൊറൂസിയ ഡോട്ട്മുണ്ട് ഈ സീസണിലെ അവരുടെ അവസാന മത്സരം കളിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവും കരാർ ഒപ്പുവെക്കലും അടുത്ത ആഴ്ചത്തേക്ക് നീട്ടിയത്. ദീർഘകാല കരാർ സംബന്ധിച്ച് റയൽ മാഡ്രിഡുമായി ജൂഡ് ബെല്ലിംഗ്ഹാം കഴിഞ്ഞ ഏപ്രിലിൽ തന്നെ വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു.
ജർമ്മനിയിലേക്ക് അയച്ച പ്രത്യേക ദൂതൻ വഴിയായിരുന്നു ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ നടത്തിയത്. വെറ്ററൻ മിഡ്ഫീൽഡർമാരായ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവരുടെ പകരക്കാരനായുള്ള റയലിന്റെ അന്വേഷണമാണ് അവരെ ജൂഡ് ബെല്ലിംഗ്ഹാമിൽ എത്തിച്ചത്. 2020ൽ ബർമിംഗ്ഹാമിൽ നിന്നാണ് കൗമാര പ്രതിഭയായ ബെല്ലിംഗ്ഹാമിനെ ഡോട്ട്മുണ്ട് സൈൻ ചെയ്യുന്നത്. ലോക ഫുട്ബോളിലെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന മിഡ്ഫീൽഡറാണ് ജൂഡ് ബെല്ലിംഗ്ഹാം.
ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകളുടെ ഒരു നീണ്ട നിര തന്നെ അണിനിരന്നിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കെല്ലാം ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നു. ലിവർപൂൾ ഇടയ്ക്ക് പിൻമാറിയെങ്കിലും മറ്റ് ക്ലബ്ബുകൾ ശ്രമം തുടർന്ന് കൊണ്ടിരുന്നു. എന്നാൽ, പിഎസ്ജിയും യുണൈറ്റഡും താരത്തെ സ്വന്തമാക്കാൻ ബിഡ് ഒന്നും നൽകിയിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് മിഡ്ഫീൽഡറെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ താൽപ്പര്യം ഉണ്ടായിരുന്നു. പക്ഷേ, റയൽ മാഡ്രിഡ് ബെല്ലിംഗ്ഹാമിനായി പിടിമുറുക്കിയതോടെ സിറ്റി ഫോക്കസ് മാറ്റുകയായിരുന്നു.
Discussion about this post