ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ആഹ്ലാദത്തിനിടയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക സമ്മാനിക്കുന്നതാണ് ബ്രസീലിയൻ വിംഗർ ആന്റണിയുടെ പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ആന്റണിക്ക് ഈ സീസണിൽ ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കളിക്കാനാകില്ലെന്നാണ് പ്രാരംഭ റിപ്പോർട്ട്.
ചെൽസിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ആന്റണിക്ക് കണങ്കാലിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് താരത്തെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്. ആന്റണിയുടെ പരിക്ക് അൽപ്പം ഗൗരവ സ്വഭാവത്തിൽ ഉള്ളതാണെന്നാണ് ആദ്യ സൂചനകൾ.
ഈ സീസണിൽ ഇനി രണ്ട് മത്സരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കിയുള്ളത്. അടുത്ത ഞായറാഴ്ച പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും. അതിന് ശേഷം ജൂൺ മൂന്നിനാണ് നിർണായക പോരാട്ടം. എഫ്എ കപ്പ് ഫൈനലിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് റെഡ് ഡെവിൾസിന്റെ എതിരാളികൾ. കരബാവോ കപ്പിന് ശേഷം ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ മറ്റൊരു കിരീടമാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി അടുത്തിടെയായി എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്യുന്ന ആന്റണിക്ക് എഫ്എ കപ്പ് ഫൈനിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ നിരാശ സമ്മാനിക്കും. 23കാരനായ ബ്രസീലിയൻ ഫോർവേഡ് യുണൈറ്റഡിനായി ഈ സീസണിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയത്. ഈ സീസണിന്റെ തുടക്കത്തിൽ ഡച്ച് ക്ലബ് അയാക്സിൽ നിന്നാണ് ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്.
Discussion about this post