ചെൽസിയെ തകർത്തെറിഞ്ഞ് ചുവന്ന ചെകുത്താന്മാർ രാജകീയമായി ചാമ്പ്യൻസ് ലീഗിലേക്ക്. ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ പ്രീമിയർ ലീഗ് പോരാട്ടത്തിൽ 4-1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്താനും ടെൻ ഹാഗിന്റെ ടീമിനായി. UCL യോഗ്യത ഉറപ്പിക്കാൻ കേവലം ഒരു പോയിന്റ് മാത്രം മതിയായിരുന്നു യുണൈറ്റഡിന്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ വീണ്ടും എത്തുന്നത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ സാധിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുണം ചെയ്തു. ആറാം മിനിറ്റിൽ കാസെമിറോയാണ് റെഡ് ഡെവിൾസിനായി സ്‌കോർ ചെയ്തത്. എറിക്സന്റെ ഒരു ഫ്രീകിക്കിൾ നിന്ന് ഹെഡറിലൂടെ കാസെമിറോയാണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ ബോൺമൗത്തിന് എതിരെയും ബ്രസീലിയൻ മിഡ്‌ഫീൽഡ്ർ ഗോൾ നേടിയിരുന്നു.
ആദ്യ ഗോൾ നേടിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അൽപ്പം പിന്നോട്ട് പോയി. പിന്നീട് ചെൽസിയാണ് കൂടുതൽ മികച്ച നീക്കങ്ങൾ നടത്തിയത്. എന്നാൽ, ആദ്യപകുതിയിൽ ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ പതിവ് പോലെ ചെൽസിക്ക് സാധിച്ചില്ല. ഹാവെർട്സും മുദ്രിക്കും ഗാലഗറും ഫൈനൽ തേർഡിൽ പതറി.
ഫസ്റ്റ് ഹാഫിന്റെ ഇഞ്ചുറി ടൈമിൽ ഗോൾ നേടി യുണൈറ്റഡ് വീണ്ടും ചാർജായി. സാഞ്ചോയുടെ അസിസ്റ്റിൽ നിന്ന് ആന്റണി മാർഷ്യലാണ് ടെൻ ഹാഗിന്റെ ടീമിനായി സ്‌കോർ ചെയ്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 2-0. സെക്കന്റ് ഹാഫിൽ യുണൈറ്റഡ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ചെൽസി ഡിഫൻസിനും ഗോൾ കീപ്പർ കെപ്പയ്ക്കും തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.
73 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ സ്വന്തമാക്കി. ബ്രൂണോ ഫെർണാണ്ടസിനെ വെസ്ലി ഫോഫാന ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി അനുവദിച്ചത്. കിക്ക് എടുത്ത ബ്രൂണോ പന്ത് അനായാസം വലയിലാക്കി.
പരിക്ക് മാറി പകരക്കാരന്റെ റോളിൽ എത്തിയ മാർക്കസ് റാഷ്ഫോഡിന്റെ വകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാം ഗോൾ. 78 ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു റാഷ്ഫോഡിന്റെ ഗോൾ. ചെൽസി ഡിഫൻസിന്റെ പിഴവ് മുതലെടുത്തായിരുന്നു റാഷ്ഫോഡിന്റെ ഫിനിഷ്. ഇതോടെ ഈ സീസണിൽ മാർക്കസ് റാഷ്ഫോഡ് 30 ഗോൾ തികച്ചു. 2012-13 സീസണിൽ റോബിൻ വാൻ പേഴ്സിയാണ് ഇതിന് മുൻപ് സീസണിൽ 30 ഗോൾ നേടിയ യുണൈറ്റഡ് താരം.
കളിയുടെ അവസാനം 89ആം മിനിറ്റിൽ ജാവോ ഫെലിക്സ് ഒരു ഗോൾ മടക്കി ചെൽസിക്ക് അൽപ്പം ആശ്വാസം സമ്മാനിച്ചു. ഒരു മത്സരം അവശേഷിക്കെ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 72 പോയിന്റായി. നാലാം സ്ഥാനത്തുള്ള ന്യൂകാസിലിന് 70 പോയിന്റാണുള്ളത്. 37 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള ലിവർപൂൾ അടുത്ത സീസണിൽ യൂറോപ്പ ലീഗ് കളിക്കേണ്ടി വരും. മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നീ ടീമുകളായിരിക്കും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന പ്രീമിയർ ലീഗ് ടീമുകൾ.
Discussion about this post