അടുത്ത സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ അന്വേഷിക്കുന്ന തിരക്കിലാണ് പിഎസ്ജിയെന്നാണ് റിപ്പോർട്ട്. ഇപ്പോഴത്തെ കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയെ തുടരാൻ സാധ്യത കുറവാണെന്നാണ് വാർത്തകൾ. കൂടുതൽ യുവ താരങ്ങളെ കൊണ്ട് വന്ന് ടീമിനെ ഉടച്ചു വാർക്കാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്ജി മാനേജ്മെന്റ്. ഈ സീസണിലും ഫ്രഞ്ച് ലീഗ് കിരീടം നിലനിർത്തുമെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായതും ഫ്രഞ്ച് കപ്പിലെ തോൽവിയുമാണ് ഗാൽറ്റിയെക്ക് തിരിച്ചടിയായത്.
പിഎസ്ജിയുടെ അടുത്ത കോച്ചായി ബാഴ്സലോണ മുൻ പരിശീലകൻ ലൂയിസ് എൻറിക്വെ വരാൻ സാധ്യതയേറി എന്നാണ് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്. പിഎസ്ജി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്ക പട്ടികയിൽ ഏറ്റവും കൂടുതൽ സാധ്യത സ്പെയിനിന്റെ മുൻ കോച്ചിനാണെന്നാണ് ഗോൾ സൂചിപ്പിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പിഎസ്ജി അധികൃതർ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് എൻറിക്വെയുടെ ക്യാമ്പ് പറയുന്നത്. ടോട്ടൻഹാം, നാപ്പൊളി എന്നീ ക്ലബ്ബുകളും ലൂയിസ് എൻറിക്വെയെ അടുത്ത കോച്ചായി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻറിക്വെയുടെ കാര്യത്തിൽ പിഎസ്ജിയുടെ ഭാഗത്ത് നിന്ന് വേഗത്തിലുള്ള നീക്കങ്ങൾ വേണ്ടി വരും.
സ്പെയിനിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായ ലൂയിസ് എൻറിക്വെ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിന്റെ കോച്ചാകും മുൻപ് ബാഴ്സലോണ, എഎസ് റോമ എന്നീ വമ്പൻ ക്ലബ്ബുകളെ എൻറിക്വെ പരിശീലിപ്പിച്ചിട്ടുണ്ട്.
ബാഴ്സ കോച്ചായിരിക്കെ രണ്ട് ലാ ലിഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ നിരവധി കിരീടങ്ങൾ എൻറിക്വെ ക്ലബ്ബിനായി നേടി കൊടുത്തു. ‘എംഎസ്എൻ’ എന്ന പേരിൽ മെസി, സുവാരസ്, നെയ്‌മർ സഖ്യം ബാഴ്സക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചത് ലൂയിസ് എൻറിക്വെ കോച്ചായിരുന്നപ്പോഴാണ്.
Discussion about this post