അർജന്റീന സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ഈ സീസണോടെ യുവന്റസ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഡി മരിയയും യുവന്റസുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നിലവിൽ അവസാനിച്ച അവസ്ഥയാണ്. ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ചർച്ചകൾ വഴിമുട്ടിയ സ്ഥിതിക്ക് പുതിയ ക്ലബ് അന്വേഷിക്കാനുള്ള ശ്രമത്തിലാണ് 35കാരനായ അർജന്റീന വിംഗർ. സൗദി ക്ലബ്ബുകൾ താരത്തിന് പിന്നിൽ ഉണ്ടെങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് ഏഞ്ചൽ ഡി മരിയ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.
പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായി ഈ സീസണിലാണ് ഡി മരിയ യുവന്റസിലേക്ക് ചേക്കേറുന്നത്. വേണമെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥ ഡീലിൽ ഉണ്ടായിരുന്നു. ഏഞ്ചൽ ഡി മരിയ ഇറ്റാലിയൻ ക്ലബ്ബിൽ തന്നെ തുടരുമെന്ന രീതിയിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, പിന്നീടാണ് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത്.
യുവന്റസ് കോച്ച് മാക്സ് അലെഗ്രിയുടെ തലതിരിഞ്ഞ നയങ്ങളിൽ ഏഞ്ചൽ ഡി മരിയ ഉൾപ്പെടെ പല പ്രമുഖ താരങ്ങൾക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഡി മരിയയെ പോലെ വലിയ അനുഭവ സമ്പത്തുള്ള ഒരു താരത്തെ കൃത്യമായി വിനിയോഗിക്കുന്നതിൽ കോച്ച് അലെഗ്രി വലിയ പരാജയമാനെന്നാണ് വിലയിരുത്തൽ.
ഇറ്റാലിയൻ ലീഗിലെ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനമാണ് അർജന്റീന താരം കാഴ്ചവെച്ചത്. യുവന്റസിനായി ഇതുവരെ കളിച്ച 38 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 7 അസിസ്റ്റുകളും ഡി മരിയ നേടിയിട്ടുണ്ട്.
ഇറ്റാലിയൻ ലീഗ് കിരീടം നഷ്ടമായ യുവന്റസ്, ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. കോപ്പ ഇറ്റാലിയയുടെ സെമിയിൽ ഇന്റർ മിലാനോട് പരാജയപ്പെട്ട യുവന്റസ്, യൂറോപ്പ ലീഗിന്റെ സെമിയിൽ സെവിയ്യയോടും തോറ്റിരുന്നു.
ശിക്ഷ നടപടിയുടെ ഭാഗമായി പത്ത് പോയിന്റ് നഷ്ടമായ യുവന്റസ് ഇറ്റാലിയൻ ലീഗിൽ നിലവിൽ ഏഴാം സ്ഥാനത്താണ്.
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് നഷ്ടമാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കൂടുതൽ പ്രമുഖ താരങ്ങൾ ക്ലബ് വിടാനാണ് സാധ്യത.
Discussion about this post