മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോളിന്റെ ഈ വർഷത്തെ ബലൺ ഡി ഓർ പുരസ്കാരം ഒക്ടോബർ 23നാണ് സമ്മാനിക്കുക. ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിനായി ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്ന കാര്യം ഉറപ്പാണ്. ക്ലബ് ഫുട്ബോൾ സീസൺ അവസാനിക്കാനിരിക്കെ ഏറ്റവും പുതിയ ബലൺ ഡി ഓർ പവർ റാങ്കിംഗുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോൾ ഡോട്ട് കോം. ഗോൾ ഡോട്ട് കോമിന്റെ ബലൺ ഡി ഓർ പവർ റാങ്കിംഗിൽ ആദ്യ 5 സ്ഥാനങ്ങളിൽ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനെയാണ് പവർ റാങ്കിംഗിൽ അഞ്ചാമത്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി പലരും വാഴ്ത്തുന്ന താരമാണ് ഡിബ്രൂയിനെ. രാജ്യത്തിനും ക്ലബ്ബിനുമായി ഈ സീസണിൽ ഇതുവരെ 10 ഗോളുകളും 30 അസിസ്റ്റുകളുമാണ് ഡിബ്രൂയിനെ സംഭാവന ചെയ്തിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിൽ കുതിപ്പിന് പിന്നിലെ പ്രധാന ശക്തികളിൽ ഒരാളാണ് കെഡിബി. സിറ്റിക്ക് പ്രീമിയർ ലീഗ് നേടി കൊടുത്ത ബെൽജിയൻ മിഡ്ഫീൽഡർ, ഇനി ലക്ഷ്യമിടുന്നത് ചാമ്പ്യൻസ് ലീഗും എഫ്എ കപ്പുമാണ്. കഴിഞ്ഞ തവണത്തെ പവർ റാങ്കിംഗിൽ നിന്ന് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഡിബ്രൂയിനെ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
ഗോൾ ഡോട്ട് കോമിന്റെ ഏറ്റവും പുതിയ ബലൺ ഡി ഓർ പവർ റാങ്കിംഗിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ്. ഈ സീസണിൽ ഇതുവരെ 24 ഗോളും 25 അസിസ്റ്റുമാണ് വിനീഷ്യസ് സ്വന്തമാക്കിയത്. റയൽ മാഡ്രഡിനായി കോപ്പ ഡെൽ റെ, ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്.
ഈ സീസണിൽ റയൽ മാഡ്രിഡ് നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ വലിയ പങ്കുവച്ച താരമാണ് 22 കാരനായ ബ്രസീലിയൻ വിംഗർ. എന്നാൽ, ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ റയൽ മാഡ്രിഡ് പരാജയപ്പെട്ടതിനാൽ താരത്തിന്റെ ഇത്തവണത്തെ ബലൺ ഡി ഓർ സാധ്യത മങ്ങിയിരിക്കുകയാണ്. ഗോൾ ഡോട്ട് കോമിന്റെ കഴിഞ്ഞ തവണത്തെ പവർ റാങ്കിംഗിലും വിനി നാലാം സ്ഥാനത്ത് തന്നെയായിരുന്നു.
ബലൺ ഡി ഓർ പവർ റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ്. ഈ സീസണിൽ ഇതുവരെ 52 ഗോളുകളും 13 അസിസ്റ്റുകളുമാണ് താരം നേടിയിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെ എത്തിച്ച എംബാപ്പെ, ടോപ്പ് ഗോൾ സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയിരുന്നു.
ഫ്രഞ്ച് ലീഗ് കിരീടം ഇത്തവണയും പിഎസ്ജി നേടുമെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ പുറത്തായത് എംബാപ്പെയുടെ സാധ്യതകൾ കുറച്ചിരിക്കുകയാണ്. ഗോൾ ഡോട്ട് കോമിന്റെ കഴിഞ്ഞ തവണ പുറത്തു വന്ന ബലൺ ഡി ഓർ പവർ റാങ്കിംഗിലും 24കാരനായ ഫ്രഞ്ച് സൂപ്പർ താരം നാലാമതായിരുന്നു.
ബലൺ ഡി ഓർ പവർ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന താരം മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിംഗ് ഹാലണ്ടാണ്.
ഈ സീസണിൽ മാരക ഫോമിൽ കളിക്കുന്ന ഹാലണ്ട് ഇതുവരെ 53 ഗോളുകളും 9 അസിസ്റ്റുകളുമാണ് സ്വന്തം പേരിൽ കുറിച്ചത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയ ഹാലണ്ട്, മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന താരമാണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടി കൊടുത്ത നോർവീജിയൻ സ്ട്രൈക്കർ ഇനി ലക്ഷ്യമിടുന്നത് ചാമ്പ്യൻസ് ലീഗും എഫ്എ കപ്പുമാണ്. പ്രീമിയർ ലീഗിന് പിന്നാലെ ഗ്വാർഡിയോളയുടെ ടീം ചാമ്പ്യൻസ് ലീഗ് കൂടി നേടുകയാണെങ്കിൽ ഈ വർഷത്തെ ബലൺ ഡി ഓർ സ്വന്തമാക്കാൻ ഏർലിംഗ് ഹാലണ്ടിന് വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പവർ റാങ്കിംഗിലും ഹാലണ്ട് രണ്ടാം സ്ഥാനത്ത് തന്നെയായിരുന്നു.
ഗോൾ ഡോട്ട് കോമിന്റെ ഏറ്റവും പുതിയ പവർ റാങ്കിംഗിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അർജന്റീന സൂപ്പർ താരം ലയണൽ മെസിയാണ്. 36 വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത മെസി, ടൂർണ്ണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും നേടിയിരുന്നു. രാജ്യത്തിനും ക്ലബ്ബിനുമായി ഈ സീസണിൽ ഇതുവരെ 37 ഗോളുകളും 25 അസിസ്റ്റുകളുമാണ് മെസി സംഭാവന ചെയ്തിരിക്കുന്നത്. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടവും മെസി ഇത്തവണ നേടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഏർലിംഗ് ഹാലണ്ട് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ബലൺ ഡി ഓർ പവർ റാങ്കിംഗിൽ ഇപ്പോഴും മെസി തന്നെയാണ് മുന്നിൽ എന്നാണ് ഗോൾ ഡോട്ട് കോം പറയുന്നത്.
Discussion about this post