എറിക് ടെൻ ഹാഗിന് കീഴിൽ രണ്ടാമത്തെ സീസണിന് ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യം മികച്ച ഗോൾ സ്‌കോറിംഗ് മികവുള്ള ഒരു സ്ട്രൈക്കറെ സൈൻ ചെയ്യുക എന്നതാണ്. ഇതിന്റെ ഭാഗമായി ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്നിനായുള്ള നീക്കങ്ങൾ യുണൈറ്റഡ് ഊർജ്ജിതമാക്കിയെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
വിക്റ്റർ ഒസിമനായി നാപ്പൊളി 150 മില്യൺ വിലയിട്ട സ്ഥിതിക്ക് ആ നീക്കം ഉപേക്ഷിച്ച് ഹാരി കെയ്നിന് പിന്നാലെ പോകാൻ യുണൈറ്റഡ് തീരുമാനിച്ചെന്നാണ് ഗാർഡിയൻ പറയുന്നത്. ട്രാൻസ്ഫർ വിൻഡോ ഓപ്പണാകുമ്പോൾ എത്രയും വേഗം ഹാരി കെയ്നെ സൈൻ ചെയ്യാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം.
ബയേൺ മ്യൂണിക്ക്, പിഎസ്‌ജി, ചെൽസി എന്നീ വമ്പൻ ക്ലബ്ബുകളും ഇംഗ്ലണ്ട് സൂപ്പർ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റാരെങ്കിലും തട്ടിയെടുക്കും മുൻപ് ഹാരി കെയ്നെ സൈൻ ചെയ്യാൻ റെഡ് ഡെവിൾസ് ശ്രമങ്ങൾ തുടങ്ങിയത്. ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവിയുമായി യുണൈറ്റഡ് പ്രതിനിധികൾ ഉടൻ ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
29കാരനായ ഹാരി കെയ്ൻ ക്ലബ്ബിൽ എത്തുന്നതോടെ തിരിച്ചുവരവിന്റെ പാതയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് പെട്ടെന്ന് തന്നെ കിരീട സാധ്യതയുള്ള ടീമായി മാറാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയർ ലീഗിന്റെ എല്ലാ വശങ്ങളും അറിയുന്ന പരിചയ സമ്പന്നനായ ഹാരി കെയ്ൻ യുണൈറ്റഡിന്റെ ശൈലിയുമായി എളുപ്പത്തിൽ ഇണങ്ങുമെന്നാണ് കോച്ച് എറിക് ടെൻ ഹാഗ് ഉൾപ്പെടെ കണക്കുകൂട്ടുന്നത്.
രാജ്യത്തിന്റെയും ക്ലബ്ബിന്റെയും മികച്ച ഗോൾ സ്‌കോററും സൂപ്പർ താരവുമാണെങ്കിലും 29 വയസായിട്ടും ഹാരി കെയ്നിന് ഇതുവരെ ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഹാരി കെയ്നിന്റെ വരവ് താരത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒരു പോലെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
Discussion about this post