ചാമ്പ്യൻസ് ലീഗ് ബെർത്ത് സീൽ ചെയ്യാൻ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു. ഓൾഡ്ട്രാഫോഡിൽ ചെൽസിയാണ് റെഡ് ഡെവിൾസിന്റെ എതിരാളികൾ. ഇന്നത്തെ പോരാട്ടത്തിൽ ഒരു സമനില നേടിയാൽ യുണൈറ്റഡിന് ടോപ്പ് ഫോർ ഉറപ്പിക്കാം. സ്വന്തം തട്ടകത്തിൽ മികച്ച ഫോമിൽ കളിക്കുന്ന യുണൈറ്റഡിന് മോശം ഫോമിലൂടെ മുന്നോട്ടു പോകുന്ന ചെൽസിക്കെതിരെ വ്യക്തമായ മുൻതൂക്കം ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല.
36 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ നാലാം സ്ഥാനത്താണ്. ഒരു മത്സരം കൂടുതൽ കളിച്ച അഞ്ചാം സ്ഥാനക്കാരായ ലിവർപൂളിനേക്കാൾ നിലവിൽ മൂന്ന് പോയിന്റിന് മുന്നിലാണ് യുണൈറ്റഡ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് സ്വന്തമാക്കാനായാൽ ടെൻ ഹാഗിന്റെ ടീമിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാം.
അവസാന രണ്ട് മത്സരങ്ങളിൽ വോൾവ്സിനെയും ബോൺമൗത്തിനെയും തോൽപ്പിച്ച റെഡ് ഡെവിൾസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്ക് മാറിയ സൂപ്പർ താരം മാർക്കസ് റാഷ്ഫോഡ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ തിരിച്ചെത്തിയേക്കും.
ലീഗിലെ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒരു ഗോളിന് പരാജയപ്പെട്ട ചെൽസി പോയിന്റ് ടേബിളിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ്. ഫ്രാങ്ക് ലംപാർഡ് താൽക്കാലിക കോച്ചായി വന്നതിന് ശേഷം ഒറ്റ മത്സരം മാത്രമാണ് ചെൽസി ജയിച്ചത്. തുടർ തോൽവികളും മോശം ഫോമും കാരണം പതറുന്ന ചെൽസി അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ മികച്ച ചെറുത്ത് നിൽപ്പ് നടത്തി ആത്മാഭിമാനം സംരക്ഷിക്കാനാകും ശ്രമിക്കുക.
ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം.
അടുത്ത ഞായറാഴ്ച അരങ്ങേറുന്ന സീസണിലെ അവസാന പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയും ചെൽസി ന്യൂകാസിലിനെയും നേരിടും.
Discussion about this post