ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്റർ മിലാന് ആത്മവിശ്വാസം പകർന്ന് കോപ്പ ഇറ്റാലിയ കിരീട വിജയം. റോമിൽ അരങ്ങേറിയ ഫൈനലിൽ ഫിയോറന്റിനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്റർ കോപ്പ ഇറ്റാലിയ കിരീടം നിലനിർത്തിയത്.
തകർപ്പൻ ഫോമിൽ കളിക്കുന്ന അർജന്റീന സൂപ്പർ താരം ലൗറ്റാരോ മാർട്ടീനസിന്റെ ഇരട്ട ഗോളുകളാണ് നേരസൂറികൾക്ക് കിരീട വിജയം സമ്മാനിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ ഇന്ററിനെ ഞെട്ടിച്ച് ലീഡ് എടുത്തത് ഫിയോറന്റിനയായിരുന്നു. മൂന്നാം മിനിറ്റിൽ നിക്കോ ഗോൺസാലസ് ഇന്റർ മിലാന്റെ വല കുലുക്കി.
തുടക്കത്തിൽ തന്നെ ഗോൾ വീണിട്ടും പതറാതെ കളിച്ച ഇന്റർ മിലാൻ 29 ആം മിനിറ്റിൽ സമനില പിടിച്ചു. ബ്രോസോവിച്ചിന്റെ കൃത്യതയാർന്ന പാസിൽ നിന്ന് സൂപ്പർ ഫിനിഷിലൂടെ ലൗറ്റാരോ മാർട്ടീനസാണ് സ്‌കോർ ചെയ്തത്.
എട്ട് മിനിറ്റിനുള്ളിൽ ഇന്റർ മിലാന്റെ വിജയം സീൽ ചെയ്ത ലൗറ്റാരോയുടെ രണ്ടാം ഗോളും വന്നു. നിക്കോളോ ബരെല്ലയുടെ തകർപ്പൻ ക്രോസിൽ നിന്നായിരുന്നു അർജന്റീന സൂപ്പർ താരത്തിന്റെ ഉഗ്രൻ വോളി. സ്‌കോർ 2-1. ഇന്റർ മിലാന്റെ തുടർച്ചയായ രണ്ടാം കോപ്പ ഇറ്റാലിയ കിരിടമാണിത്.
ജൂൺ പത്തിന് ഇസ്താംബൂളിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുന്ന സിമോണി ഇൻസാഗിയുടെ ടീമിന് ഈ വിജയം കരുത്ത് നൽകും. 2010ൽ വിജയികളായതിന് ശേഷം ആദ്യമായാണ് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. തോറ്റെങ്കിലും ഫിയോറന്റിനയ്ക്ക് ഈ സീസണിൽ കിരീടം നേടാൻ ഇനിയും അവസരമുണ്ട്. യുവേഫ കോൺഫറൻസ് ലീഗ് കിരീടത്തിനായി അവർ വെസ്റ്റ് ഹാമുമായി ജൂൺ എഴിന് ഏറ്റുമുട്ടും.
Discussion about this post