പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ബ്രൈട്ടൺ അടുത്ത സീസണിലേക്കുള്ള യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കി. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബ്രൈട്ടൺ യൂറോപ്യൻ പോരാട്ടത്തിന് അർഹത നേടിയത്. ബ്രൈട്ടന്റെ തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
പ്രീമിയർ ലീഗിൽ ഏറ്റവും മനോഹരമായ അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുന്ന ടീമുകളുടെ പോരാട്ടം പ്രതീക്ഷിച്ച പോലെ തന്നെ ആവേശകരമായിരുന്നു. 25 ആം മിനിറ്റിൽ ഫിൽ ഫോഡൻ-ഏർലിംഗ് ഹാലണ്ട് കൂട്ടുകെട്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം സ്‌കോർ ചെയ്തത്. മികച്ചൊരു നീക്കത്തിനൊടുവിൽ ഹാലണ്ട് നൽകിയ പന്തായിരുന്നു ഫോഡൻ ബ്രൈട്ടന്റെ വലയിലേക്ക് തൊടുത്തു വിട്ടത്. സ്‌കോർ 1-0.
എന്നാൽ, സിറ്റിയുടെ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 38 ആം മിനിറ്റിൽ ജൂലിയോ എൻസിസോയുടെ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ബ്രൈട്ടൺ സമനില ഗോൾ സ്വന്തമാക്കി. 25 വാര അകലെ നിന്നായിരുന്നു 19കാരനായ എൻസിസോയുടെ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ. ഈ ഗോളിന് അൽപ്പം മുൻപ് 31ആം മിനിറ്റിൽ മിറ്റോമാ ബ്രൈട്ടണായി സ്‌കോർ ചെയ്തെങ്കിലും ഹാൻഡ് ടച്ച് കാരണം ഗോൾ നിഷേധിക്കുകയായിരുന്നു. ബ്രൈട്ടൺ താരം ഡാനി വെൽബെക്കിന്റെ ഒരു ഗോളും ഓഫ് സൈഡ് കാരണം അനുവദിച്ചില്ല.
79 ആം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഏർലിംഗ് ഹാലണ്ട് ലീഡ് നേടിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ഗോൾ അറ്റംപ്റ്റിന് മുൻപ് ബ്രൈട്ടൺ പ്രതിരോധ താരത്തിന്റെ ജേഴ്സി പിടിച്ചു വലിച്ചതാണ് ഹാലണ്ടിന് വിനയായത്. പ്രീമിയർ ലീഗിൽ തുടർച്ചയായ 12 മത്സരങ്ങൾ ജയിച്ചതിന് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ബ്രൈട്ടനെതിരെ സമനില വഴങ്ങിയത്.
കരുത്തരായ ഗ്വാർഡിയോളയുടെ ടീമിനെതിരെ ഡി സെർബിയുടെ ബ്രൈട്ടൺ സ്വന്തം തട്ടകത്തിൽ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. കളിയിൽ 20 ഷോട്ടുകളും 7 ഓൺ ടാർഗറ്റ് ഷോട്ടുകളുമാണ് മാഞ്ചസ്റ്റർ സിറ്റി ഗോൾ മുഖം ലക്ഷ്യമാക്കി ബ്രൈട്ടൺ താരങ്ങൾ ഉതിർത്തത്. ഈ സീസണിൽ 20 ഷോട്ടുകൾ മറ്റൊരു ടീമിൽ നിന്നും സിറ്റിക്ക് നേരിടേണ്ടി വന്നിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി ബ്രൈട്ടൺ ഗോൾ മുഖം ലക്ഷ്യമാക്കി 13 ഷോട്ടുകളും 4 ഓൺ ടാർഗറ്റ് ഷോട്ടുകളുമാണ് ഉതിർത്തത്. 61 ശതമാനം പൊസഷനും സിറ്റിക്കൊപ്പമായിരുന്നു.
പ്രീമിയർ ലീഗ് കിരീടം നേരത്തെ തന്നെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിൽ ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ സിറ്റിക്ക് നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 89 പോയിന്റുണ്ട്.
37 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുള്ള ബ്രൈട്ടൺ ലീഗിൽ ആറാം സ്ഥാനത്താണ്. ഞായറാഴ്ച നടക്കുന്ന ഈ സീസണിലെ അവസാന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ബ്രെന്റ്ഫോഡിനെയും ബ്രൈട്ടൻ ആസ്റ്റൺ വില്ലയെയും നേരിടും.
Discussion about this post