ആവേശകരമായ മത്സരത്തിൽ റയോ വയ്യക്കാനോയെ 2-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലിഗയിൽ വീണ്ടും രണ്ടാമത്.
മത്സരം സമനിലയിലേക്ക് നീങ്ങവെ 89 ആം മിനിറ്റിൽ ബ്രസീലിയൻ യുവ താരം റോഡ്രിഗോ നേടിയ ഗോളാണ് ലോസ് ബ്ലാങ്കോസിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. സെബയോസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു റോഡ്രിഗോയുടെ വിന്നർ ഗോൾ.
ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം കരീം ബെൻസിമയാണ് ആദ്യപകുതിയിൽ റയൽ മാഡ്രിഡിന് ലീഡ് സമ്മാനിച്ചത്. 31 ആം മിനിറ്റിൽ വാൽവർദെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ബെൻസിമ വയ്യക്കാനോയുടെ വല കുലുക്കിയത്. കരീം ബെൻസിമയുടെ ഈ സീസണിലെ മുപ്പതാം ഗോളായിരുന്നു ഇത്.
ഒരു ഗോൾ ലീഡുമായി സെക്കന്റ് ഹാഫിൽ കളിക്കാൻ ഇറങ്ങിയ റയൽ മാഡ്രിഡിന് പക്ഷേ 84 ആം മിനിറ്റിൽ സമനില ഗോൾ വഴങ്ങേണ്ടി വന്നു. ഡി ടോമാസാണ് റയോ വയ്യക്കാനോയ്ക്കായി ഗോൾ മടക്കിയത്. ഷവാരിയാ പെരസാണ് ഗോളിന് വഴി ഒരുക്കിയത്. സ്‌കോർ 1-1. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് റോഡ്രിഗോ ലോസ് ബ്ലാങ്കോസിന്റെ വിജയ ഗോൾ നേടി രക്ഷക വേഷം അണിഞ്ഞത്.
വലൻസിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളിന്റെ തോൽവി രുചിച്ച റയൽ മാഡ്രിഡിന് വീണ്ടും വിജയ വഴിയിൽ എത്താനായത് ആശ്വാസം പകരും. ലാ ലിഗയിൽ ഇനി രണ്ട് മത്സരങ്ങൾ അവശേഷിക്കെ 74 പോയിന്റുമായി കാർലോ ആൻസലോട്ടിയുടെ ടീം രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 73 പോയിന്റുമായി മൂന്നാമതാണ്.
കഴിഞ്ഞ മത്സരത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായ റയൽ സൂപ്പർ താരം വിനീഷ്യസ് പരിക്ക് കാരണം റയോ വയ്യക്കാനോക്കെതിരെ കളിച്ചിരുന്നില്ല. വലൻസിയക്കെതിരെ താരത്തിന് ലഭിച്ച റെഡ് കാർഡ് പിന്നീട് പിൻവലിച്ചെങ്കിലും പരിക്ക് കാരണം വിനിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Discussion about this post