സെർജിയോ ബുസ്കറ്റ്സിന് പിന്നാലെ മറ്റൊരു ഇതിഹാസ താരം കൂടി ഈ സീസണോടെ ബാഴ്സലോണ വിടാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അധികമായി ബാഴ്സ പ്രതിരോധത്തിന്റെ നെടുന്തൂണായിരുന്ന ജോർഡി ആൽബയാണ് ക്ലബ് വിടാൻ തയ്യാറാകുന്നത്.
ബാഴ്സയുമായി ബന്ധപ്പെട്ട എക്സ്ക്ലൂസീവ് വാർത്തകൾ കൈകാര്യം ചെയ്യുന്ന സ്പാനിഷ് മാധ്യമ പ്രവർത്തകനായ ജെറാർഡോ റൊമേറൊയാണ് ജോർഡി ആൽബ ഈ സീസണോടെ ക്ലബ് വിടുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 34 കാരനായ ആൽബയ്ക്ക് കറ്റാലൻ ക്ലബ്ബുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. താരം സൗദി ലീഗിലേക്ക് ചേക്കേറാനാണ് സാധ്യത.
ക്യാമ്പ് നൗവിൽ വെച്ച് നടക്കുന്ന സീസണിലെ അവസാനം ഹോം മത്സരത്തിൽ സെർജിയോ ബുസ്കറ്റ്സിനൊപ്പം ജോർഡി ആൽബയും ബാഴ്സയോട് ഔദ്യോഗികമായി വിട പറയുമെന്നാണ് സൂചന. ഇതിഹാസ താരങ്ങൾക്ക് ഉജ്ജ്വല യാത്രയയപ്പ് നൽകാനായിരിക്കും ബാഴ്സയുടെ പദ്ധതി. അടുത്ത ഞായറാഴ്ച മയോർക്കക്കെതിരെയാണ് ബാഴ്സലോണയുടെ ഈ സീസണിലെ അവസാന ഹോം മത്സരം.
2012ൽ സ്പാനിഷ് ക്ലബ് വലൻസിയയിൽ നിന്നാണ് ലെഫ്റ്റ് ബാക്കായ ജോർഡി ആൽബ ബാഴ്സയിൽ എത്തുന്നത്. കറ്റാലൻ ക്ലബ്ബിനായി ഇതുവരെ കളിച്ച 312 മത്സരങ്ങളിൽ നിന്ന് ആൽബ 17 ഗോളുകൾ നേടിയിട്ടുണ്ട്. ജോർഡി ആൽബ 6 ലാ ലിഗ കിരീടങ്ങളും 5 കോപ്പ ഡെൽ റെ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ബാഴ്സയ്ക്കൊപ്പം നേടിയിട്ടുണ്ട്. ഒരു തവണ ഫിഫ ക്ലബ് വേൾഡ് കപ്പും സ്വന്തമാക്കി. ബാഴ്സക്കായുള്ള അവസാന സീസണിൽ ലാ ലിഗ കിരീടം നേടിയതിന്റെ സംതൃപ്തിയോടെ തന്നെ താരത്തിന് ക്ലബ് വിടാം.
Discussion about this post