സീസൺ അവസാനം സംഘടിപ്പിക്കുന്ന അവാർഡ് നിശ ഇത്തവണ വേണ്ടെന്ന് തീരുമാനിച്ച് ചെൽസി. ഈ സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം. 43 പോയിന്റുമായി പ്രീമിയർ ലീഗിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് ബ്ലൂസ്. ഇത്തവണത്തെ പോയിന്റ് ടേബിളിൽ ആദ്യ പത്തിൽ പോലും ഫിനിഷ് ചെയ്യാൻ ചെൽസിക്ക് സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
ഇതിന് മുൻപുള്ള ചെൽസിയുടെ പ്രീമിയർ ലീഗിലെ ഏറ്റവും മോശം ഫിനിഷ് 1995-96 സീസണിലാണ്. ഗ്ലെൻ ഹോഡിൽ കോച്ചായിരുന്ന അന്ന് 11 ആം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 50 പോയിന്റായിരുന്നു ആ സീസണിൽ ചെൽസിയുടെ സമ്പാദ്യം.
അവാർഡ് നിശ ഇല്ലെങ്കിലും മെൻസ് പ്ലെയർ ഓഫ് ദ സീസൺ, അക്കാദമി പ്ലെയർ ഓഫ് ദ സീസൺ, ഗോൾ ഓഫ് ദ സീസൺ എന്നീ പുരസ്കാരങ്ങൾ ഇത്തവണയും സമ്മാനിക്കും. സ്റ്റാംഫോഡ് ബ്രിഡ്ജിൽ വരുന്ന ഞായറാഴ്ച ന്യൂകാസിലിനെതിരെ നടക്കുന്ന സീസണിലെ അവസാന ഹോം മത്സരത്തിന് മുന്നോടിയായി ഈ അവാർഡുകൾ വിതരണം ചെയ്യും. ചെൽസി മെൻസ് പ്ലെയർ ഓഫ് ദി സീസൺ അവാർഡ് ഡിഫൻസിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച തിയാഗോ സിൽവയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
2019ന് ശേഷം സീസൺ അവസാനം നടക്കുന്ന അവാർഡ് നൈറ്റ് സംഘടിപ്പിക്കാൻ ചെൽസിക്ക് സാധിച്ചിട്ടില്ല. കോവിഡ് മഹാമാരി കാരണം രണ്ട് വർഷമാണ് അവാർഡ് നിശ മുടങ്ങിയത്. ഉപരോധത്തെ തുടർന്ന് റോമൻ അബ്രമോവിച്ച് ചെൽസിയുടെ ഉടമസ്ഥത ഒഴിഞ്ഞ സാഹചര്യം കാരണമാണ് കഴിഞ്ഞ വർഷത്തെ പരിപാടി ഒഴിവാക്കിയത്. എന്തായാലും, അടുത്ത സീസണിൽ പരിചയ സമ്പന്നനായ മൗറീഷ്യോ പൊച്ചെട്ടിനോ ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്താൽ കാര്യങ്ങളിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ..
Discussion about this post