ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായി ഫ്രഞ്ച് മാധ്യമമായ ലെക്വിപ്പ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നെയ്മറെ ലോണിൽ കിട്ടാൻ
യുണൈറ്റഡ് പിഎസ്ജിയുമായി ചർച്ചകൾ ആരംഭിച്ചെന്നായിരുന്നു വാർത്ത. അതേസമയം, ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്.
മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ഇത് സംബന്ധിച്ച് ഞങ്ങൾക്ക് എന്തെങ്കിലും വാർത്ത ലഭിച്ചാൽ നിങ്ങളെ അറിയാക്കാമെന്നായിരുന്നു ടെൻ ഹാഗിന്റെ തമാശ കലർന്ന മറുപടി. ഇങ്ങനെ ആണെങ്കിലും, നെയ്മർ യുണൈറ്റഡിലേക്ക് വരാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാൻ ടെൻ ഹാഗ് തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യത്തിൽ നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നാണ് ലെക്വിപ്പ് നേരത്തെ റിപ്പോർട്ട് ചെയ്തത്. ബ്രസീലിയൻ സൂപ്പർ താരത്തെ ഓൾഡ് ട്രാഫോഡിൽ എത്തിക്കുന്നതിന്റെ ഭാഗമായി
പിഎസ്ജിയുമായി യുണൈറ്റഡ് പ്രാരംഭ ചർച്ചകൾ തുടങ്ങിയെന്നാണ് ഫ്രഞ്ച് മാധ്യമം അവകാശപ്പെട്ടത്.
പിഎസ്ജിയുമായി നിലവിൽ നെയ്മറിന് 2027 വരെ കരാർ ഉണ്ട്. നെയ്മറെ ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് ലോണിൽ ലഭിക്കാനുള്ള സാധ്യതകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്. എന്നാൽ, താരത്തെ ലോണിൽ വിട്ടുതരാൻ പിഎസ്ജി താൽപ്പര്യപ്പെടുന്നില്ല. നല്ല വില ലഭിച്ചാൽ നെയ്മറെ വിൽക്കാൻ പാരിസ് ക്ലബ് തയ്യാറാണെന്നാണ് ലെ ക്വിപ്പ് സൂചിപ്പിക്കുന്നത്.
പ്രതിവർഷം 26 ദശലക്ഷം യൂറോയാണ് പിഎസ്ജിയിൽ നെയ്മറുടെ സാലറി. ഇത്രയും വലിയ സാലറി കൊടുത്ത് ബ്രസീലിയൻ സൂപ്പർ താരത്തെ ടീമിലേക്ക് കൊണ്ടുവരാൻ യുണൈറ്റഡിന് കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
Discussion about this post