ലയണൽ മെസിയെ റയൽ മാഡ്രിഡിലേക്ക് ക്ഷണിച്ച് ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് റാമോൺ കാൽഡെറോൺ. സാന്റിയാഗോ ബെർണബുവിലേക്ക് വരാൻ മെസി തീരുമാനിച്ചാൽ റയൽ മാഡ്രിഡ് ഇരു കൈയും നീട്ടി താരത്തെ വരവേൽക്കുമെന്നും കാൽഡെറോൺ പറഞ്ഞു. അർജന്റീന റേഡിയോ ചാനലായ ഡിപോർട്ടിവോയുടെ ഷോയിൽ സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ്.
“മെസി ഇപ്പോഴും മികച്ച രീതിയിൽ കളിക്കുന്ന ഒരു പ്രൊഫഷണൽ താരമാണ്. ഈ ലെവലിൽ രണ്ട് വർഷമെങ്കിലും അദ്ദേഹത്തിന് ഇനിയും കളിക്കാൻ സാധിക്കും. എല്ലാവരും ഒപ്പം നിർത്താൻ ആഗ്രഹിക്കുന്ന താരമാണ് മെസി.” റാമോൺ കാൽഡെറോൺ അഭിപ്രായപ്പെട്ടു.
“മഹാന്മാരായ കളിക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് പോകാൻ സാധിക്കും. മെസി റയൽ മാഡ്രിഡിൽ ചേരാൻ തീരുമാനിച്ചാൽ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരും അദ്ദേഹത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.” റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് പറഞ്ഞു.
2006 മുതൽ 2009 വരെ റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയാണ് റാമോൺ കാൽഡെറോൺ. 2001 മുതൽ 2006 വരെ റയലിന്റെ ക്ലബ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഫാബിയോ കന്നവാരോ, റൂഡ് വാൻ നിസ്റ്റൽറൂയ്, എമേഴ്സൺ എന്നീ താരങ്ങൾ റയൽ മാഡ്രിഡിൽ എത്തുന്നത് റാമോൺ കാൽഡെറോണിന്റെ കാലത്താണ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള തീരുമാനം താൻ പ്രസിഡന്റായിരുന്ന ബോർഡാണ് കൈക്കൊണ്ടതെന്നാണ് കാൽഡെറോൺ അവകാശപ്പെടുന്നത്.
Discussion about this post